മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പ്രത്യേക പദവിയും അധികാരങ്ങളും ജമ്മു കാശ്മീരിന് നൽകുന്ന ഭരണഘടനയുടെ താത്കാലിക വ്യവസ്ഥയാണ് ആർട്ടിക്കിൾ 370. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മേൽനോട്ടത്തിലാണ് ഈ നിയമം നിലവിൽ വരുന്നത്. ഈ നിയമം അനുസരിച്ച് കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും പ്രത്യേക ഉപഭരണഘടനയുമുണ്ട്. പക്ഷേ ഈ പദവികൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല. പ്രത്യേക പദവികൾ ഉണ്ടെങ്കിലും 1952 ലെ ഡൽഹി കരാർ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യൻ പൗരന്മാർ തന്നെയാണ്.
ഭരണഘടനയിലെ 360-ാം വകുപ്പ് പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ കാശ്‌മീരിൽ ഏർപ്പെടുത്താൻ 370-ാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമില്ല
യുദ്ധമോ വിദേശാക്രമണമോ ഉണ്ടായാൽ മാത്രമേ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ
ആഭ്യന്തര സംഘർഷമുണ്ടായാലും സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ല
അനുച്ഛേദം 35 എ
ജമ്മു കാശ്മീരിലെ പൗരന്മാർക്ക് പ്രത്യേക അധികാരവും അവകാശങ്ങളും നൽകുന്നതാണ് ഈ നിയമം. 1954ൽ നെഹ്റു മന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് അനുച്ഛേദം 35 എ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സ്ഥിരതാമസക്കാരായ ജമ്മു കാശ്മീർ പൗരന്മാർക്കു മാത്രം അവകാശമാക്കുന്നതുമാണ് വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കാശ്മീരിലെ സ്കോളർഷിപ്പിന് പോലും അപേക്ഷിക്കാനാവില്ല.
കല്യാണം അന്യനാട്ടിൽ
നിന്നെങ്കിൽ സ്വത്തില്ല
ഈ നിയമം അനുസരിച്ച് പുറത്തുനിന്നു ഒരാളെ വിവാഹം കഴിക്കുന്ന ജമ്മു കാശ്മീരിലെ ഒരു യുവതിക്ക് ജമ്മു കാശ്മീരിലുള്ള തന്റെ സ്വത്തുക്കളിൽ അവകാശം ഉണ്ടായിരിക്കില്ല. ഇങ്ങനെ വിവാഹം കഴിക്കുന്ന സ്ത്രീക്ക് മാത്രമല്ല അവരുടെ അനന്തരാവകാശികൾക്കും ഈ സ്വത്തുക്കളിൽ അവകാശം ഉന്നയിക്കാനാകില്ല. മാത്രമല്ല പുറത്ത് നിന്നും കാശ്മീരിലേക്ക് എത്തുന്നവർക്ക് അനിശ്ചിതകാലത്തേക്ക് സംസ്ഥാനത്ത് താമസിക്കാനോ സർക്കാർ പദ്ധതികളിൽ പങ്കാളികളാകാനോ സാധിക്കില്ല. സ്ഥിരതാമസക്കാരല്ലാത്തവരെ സർക്കാരിൽ ജോലിക്കെടുക്കുന്നതിനും ഈ നിയമം അനുസരിച്ച് വിലക്കുണ്ട്.
ഈ വ്യവസ്ഥകൾ പ്രകാരമുള്ള നിയമസഭയുടെ ഒരു നടപടിയും കോടതിയിൽ ചോദ്യം ചെയ്യാനാവില്ല
ജമ്മുകാശ്‌മീരിലെ പൗരന്മാരുടെ ക്ഷേമത്തിനായി ഭരണഘടനയിൽ മാറ്റം വരുത്താൻ രാഷ്‌ട്രപതിക്ക് അധികാരം നൽകുന്ന 370 (1) (ഡി) വകുപ്പ് പ്രകാരമായിരുന്നു ഉത്തരവ്
1961ലെ ഒരു കേസിൽ ആർട്ടിക്കിൾ 370 പ്രകാരം ഭരണഘടനയിലെ നിലവിലുള്ള വ്യവസ്ഥ ഭേദഗതി ചെയ്യാൻ രാഷ്‌ട്രപതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിയുണ്ട്