തിരുവനന്തപുരം: അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ റിമാന്റിലായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട്. പരിശോധനാഫലം പൊലീസിന് കൈമാറി. ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീറാമിൽ നിന്ന് രക്തം ശേഖരിച്ചത്.
അതേസമയം ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലെ ട്രോമ ഐസിയുവിലേക്ക് മാറ്റി.കടുത്ത മാനസിക പ്രതിസന്ധിയിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും, മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ശ്രീറാം വെങ്കിട്ടറാമിനെ ഇന്ന് സസ്പെൻഡ് ചെയ്തേക്കും. ആരോഗ്യ വിവരം പരസ്യമാക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. കേസിൽ രാഷ്ട്രീയ-മാദ്ധ്യമ സമ്മർദ്ദം ഉണ്ടെന്ന് ശ്രീറാമിന്റെ അഭിഭാഷകൻ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ആവശ്യപ്പെട്ടു.
ശ്രീറാമിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക പരിഗണനയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷെെലജ നേരത്തേ വ്യക്തമാക്കിയിരുന്നു. സാധാരണക്കാർക്ക് ലഭിക്കുന്ന പരിഗണന മാത്രമേ ശ്രീറാം വെങ്കിട്ടരാമനും കിട്ടേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.