ലാഹോർ: ജമ്മു കാശ്‌മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കി സംസ്ഥാനത്തെ വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് പാകിസ്ഥാൻ രംഗത്ത്. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇതുസംബന്ധിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ തീരുമാനത്തെ നയതന്ത്ര തലത്തിൽ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തേടുമെന്ന് ഖുറേഷി വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടനത്തിന് മക്കയിലെത്തിയ ഖുറേഷി ഒരു പാക് ടെലിവിഷൻ ചാനലിനോട് പ്രതികരിക്കുകയായിരുന്നു.
ഇന്ത്യയുടെ പുതിയ തീരുമാനം പാകിസ്ഥാനെതിരെയുള്ള യുദ്ധഭേരിയുടെ സൂചനയാണെന്ന് പാക് അധീന കാശ്‌മീർ പ്രസിഡന്റ് സർദാർ മസൂദ് ഖാൻ പ്രതികരിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബിൽ രാജ്യസഭയിൽ ഇന്ന് രാവിലെ അവതരിപ്പിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. സർക്കാർ ശുപാർശ അംഗീകരിച്ച് ബില്ലിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിടുകയായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കാശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35 അയും ഇല്ലാതാവും. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കാശ്മീരിനും ബാധകമാകും. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി. പുതിയ തീരുമാനത്തോടു കൂടി ജമ്മു കാശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കിൽ നിയമസഭ ഉണ്ടാവില്ല, പകരം നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും.