stock-market

മുംബയ്: ഓഹരി വിപണിയിൽ തുടരുന്ന കനത്ത വില്പന സമ്മർദ്ദത്തിൽ കഴിഞ്ഞ 30 ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 15,00,000 കോടി രൂപ. കേന്ദ്ര ബഡ്ജറ്റിന് ശേഷം വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ലാർജ് ക്യാപ് ഓഹരികൾ പിടിച്ചുനിൽക്കാനാവാതെ കൂപ്പുകുത്തുന്ന അവസ്ഥയും വന്നു.

തിങ്കളാഴ്ച 600 പോയിന്റോളം സെൻസെക്സ് വഴുതി 36,497ലെത്തിയപ്പോൾ ഈ വർഷം നേടിയ നേട്ടമെല്ലാം താഴേക്ക് പോവുകയായിരുന്നു. 30 ഓഹരികളുടെ സൂചികയായ സെൻസെക്‌സ് ഡിസംബർ 31ന് ക്ലോസ് ചെയ്തത് 36,068ലാണ്. ബി.എസ്.ഇയിലെ മൊത്തം വിപണി മൂലധനം ജൂലായ് അഞ്ചിന് ശേഷം 10 ശതമാനം കുറഞ്ഞ് 138 ലക്ഷമായി. 153.58ലക്ഷം കോടിയിൽ നിന്നാണ് ഈ സ്ഥിതി. ഈ കാലയളവിൽ സെൻസെക്സ് എട്ടുശതമാനം താഴന്നു. ക്രഡിറ്റ് സൂസി റേറ്റിംഗ് 26 ശതമാനത്തിലേയ്ക്ക് താഴ്ത്തിയതിനെ തുടർന്ന്, വിപണിമൂല്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള റിലയൻസിന്റെ ഓഹരിവിലയിൽ തിങ്കളാഴ്ച മാത്രം മൂന്നുശതമാനമാണ് ഇടിവുണ്ടായത്.

വാങ്ങലിൽനിന്ന് വിൽക്കലിലേയ്ക്ക് റേറ്റിംഗ് ഏജൻസികൾ സ്ഥാനംമാറ്റിയപ്പോൾ ഈയിടെ മാരുതി സുസുകിയുടെയും എം ആന്റ് എമ്മിന്റെയും ഓഹരി വിലയിൽ ഇടിവുണ്ടായി. ആക്‌സിസ് ബാങ്ക്, വേദാന്ത, ടെക് മഹീന്ദ്ര എന്നീ കമ്പനികൾക്കും സമാനമായ അവസ്ഥയുണ്ടായി. ലാർജ് ക്യാപ് ഓഹരികളായ യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ റേറ്റിംഗും ഏജൻസികൾ കുറച്ചു. അതിസമ്പന്നർക്ക് ആദായ നികുതി സർച്ചാർജ് ഏർപ്പെടുത്തിയതും രൂപയുടെ മൂല്യം 70ലേയ്‌ക്കെത്തിയതും ആഗോളതലത്തിൽ ട്രേഡ് സംഘർഷങ്ങൾ വർധിച്ചതും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതോടെ വിദേശ നിക്ഷേപകർക്ക് ആകർഷകമല്ലാത്ത വിപണിയായി ഇന്ത്യൻ വിപണി മാറി.