narendra-modi

ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക അവകാശം നൽകുന്ന ആർട്ടിക്കിൾ 370 റദ്ധാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. കാശ്മീരിന്റെ പ്രത്യേക അവകാശത്തിനെതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് റാം മാധവ് മോദിക്ക് അഭിനന്ദനം അറിയിച്ചത്. 'വാഗ്‌ദാനം നിറവേറ്റി' എന്നും ഈ ട്വീറ്റിൽ റാം മാധവ് കുറിച്ചിട്ടുണ്ട്.

'ആർട്ടിക്കിൾ 370 എടുത്ത് കളയൂ, തീവ്രവാദത്തേയും' എന്നെഴുതിയ ബാനറിന് കീഴിൽ ചെറുപ്പത്തിലുള്ള മോദി കൈമുട്ട് കുത്തി കിടക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ഗംഭീരമായ ദിവസമാണിതെന്നും ജമ്മു കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണാനുള്ള 70 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണെന്നും, ഡോക്ടർ ശ്യാമ പ്രസാദ് മുഖർജി അടക്കമുള്ളവരുടെ രക്തസാക്ഷിത്വം വിഫലമായില്ലെന്നും മണിക്കൂറുകൾക്ക് മുൻപ് റാം മാധവ് ട്വീറ്റ് ചെയ്തിരുന്നു. ഇതാരെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്നും റാം മാധവ് ചോദിച്ചിരുന്നു.

Promise fulfilled pic.twitter.com/iiHQtFxopd

— Ram Madhav (@rammadhavbjp) August 5, 2019

ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഇന്ന് രാവിലെ 11 മണിക്കാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. ജമ്മുകാശ്മീർ ഇനി നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാകും. ലഡാക്ക്, ജമ്മു ആൻഡ് കാശ്മീർ എന്നീ രണ്ട് പ്രദേശങ്ങളായാണ് ജമ്മു കാശ്മീരിനെ വിഭജിച്ചത്. എന്നാൽ ലഡാക്കിൽ നിയമസഭാ ഉണ്ടാകില്ല.

ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു അമിത് ഷാ ബിൽ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു നിർണായ നീക്കം നടത്തിയത്.