തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കാറിച്ച് മരണപ്പെട്ട സംഭവത്തിലെ ഒന്നാം പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയാണ് സസ്‌പെൻഡ് ചെയ്‌തത്. സർവേ ഡയറക്‌ടർ സ്ഥാനത്തു നിന്ന് ശ്രീറാമിനെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ് പുറത്തിറങ്ങി. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
ആൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആന്റ് അപ്പീൽ) റൂൾസ് 1969 ലെ റൂൾ 3(3) അനുസരിച്ചാണ് സസ്‌പെൻഷൻ. ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആന്റ് അപ്പീൽ) റൂൾസ് 1969 ലെ റൂൾ 4 അനുസരിച്ച് ശ്രീറാം അലവൻസുകൾക്ക് അർഹനായിരിക്കും.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട് പുറത്തു വന്നു. പരിശോധനാഫലം പൊലീസിന് കൈമാറി. ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷി മൊഴികളുടെ നേർവിപരീതമാണ് പരിശോധനാ ഫലം. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീറാമിൽ നിന്ന് പരിശോധനയ്‌ക്കായി പൊലീസ് രക്തം ശേഖരിച്ചത്.
ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീർ മരിച്ചത്. കേസിൽ റിമാൻഡിലായ ശ്രീറാം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ഐ സി യുവിലാണുള്ളത്.