1947ൽ ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ ലയന ഉടമ്പടി പ്രകാരം നാട്ടുരാജ്യങ്ങൾക്ക് പാകിസ്ഥാനിലും ഇന്ത്യയിലും ചേരാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ജമ്മു കാശ്‌മീരിലെ ഹിന്ദുമത വിശ്വാസിയായ മഹാരാജാ ഹരിസിംഗിന് ആദ്യം ഒരു തീരുമാനമെടുക്കാനായില്ല. മുസ്ളിം ഭൂരിപക്ഷമുള്ളതിനാൽ ജമ്മു കാശ്‌മീർ തങ്ങൾക്ക് തന്നെയെന്നു പാകിസ്ഥാൻ സ്വയം വിശ്വസിച്ചു. എന്നാൽ മഹാരാജാവിന് പാകിസ്ഥാനോട് ചേരാൻ താത്പര്യമില്ലായിരുന്നു.
കാര്യങ്ങൾ ആഗ്രഹിച്ചതുപോലെ നടക്കില്ലെന്ന് മനസിലായ പാകിസ്ഥാൻ ഗോത്ര വർഗക്കാരായ റസാകർ സേനയെ കാശ്മീരിലേക്ക് ഇളക്കി വിട്ടു. നുഴഞ്ഞു കയറ്റക്കാർ രാജ്യത്തിന്റെ നല്ലൊരു പങ്കും കൈയടക്കിയപ്പോൾ രാജാവ് ഇന്ത്യയുടെ സഹായം തേടി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അതു നിരസിച്ചുകൊണ്ടു പറഞ്ഞു.
' ജമ്മു കാശ്‌മീർ മറ്റൊരു രാജ്യമാണ്. ഇന്ത്യൻ സേനയെ അങ്ങോട്ട് അയയ്‌ക്കുന്നതു മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനു തുല്യമാണ്.' രാജ്യത്തെ രക്ഷിക്കാൻ മറ്റൊരുവഴിയും കാണാതെ മഹാരാജാ ഹരിസിംഗ് 'കാശ്മീർ ഇന്ത്യയ്ക്കൊപ്പം" എന്നു പറഞ്ഞ് ലയന ഉടമ്പടി ഒപ്പിട്ടു. അങ്ങനെ സാങ്കേതികമായി ജമ്മു കാശ്‌മീർ ഇന്ത്യയുടെ ഭാഗമായി.
ഭരണഘടനാ രൂപീകരണ സമയത്ത് ഇന്ത്യയിൽ ചേർന്ന നാട്ടുരാജ്യങ്ങളുടെ ഭരണഘടന എന്തായിരിക്കണമെന്ന് ഭരണഘടനാ നിർമാണസഭ ചർച്ച ചെയ്‌തു. എല്ലാ നാട്ടുരാജ്യങ്ങൾക്കും ഒരു ഭരണഘടന മതിയെന്നും അധികാരങ്ങൾ ഫെഡറൽ സമ്പ്രദായത്തിൽ വേർതിരിച്ചു രേഖപ്പെടുത്തണമെന്നും തീരുമാനിച്ചു. ‘ഇന്ത്യ ഈസ് എ യൂണിയൻ ഒഫ് സ്‌റ്റേറ്റ്‌സ്’ എന്ന പ്രഖ്യാപനമുണ്ടായി. അപ്പോഴും ജമ്മു കാശ്‌മീരുമായുള്ള ഇന്ത്യയുടെ ബന്ധം വ്യത്യസ്‌തമായി തുടർന്നു. കാരണം ലയന ഉടമ്പടിയിൽ ഇന്ത്യയ്‌ക്കു പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയിൽ മാത്രമാണ് ജമ്മു കാശ്‌മീർ അധികാരം കൈമാറിയിരുന്നത്. മറ്റെല്ലാറ്റിലും ഭരണപരമായ അധികാരം ജമ്മു കാശ്‌മീർ അസംബ്ലിക്കാണ്. ഇന്ത്യൻ ഭരണഘടന മറ്റു പ്രദേശങ്ങളെപ്പോലെ പൂർണമായും ജമ്മു കാശ്‌മീരിലേക്കു വ്യാപിക്കാത്തതിനും സ്വയംഭരണാവകാശം വിഭാവനം ചെയ്യുന്ന 370-ാം വകുപ്പനുസരിച്ചു പ്രത്യേക പദവി ജമ്മു കാശ്‌മീരിനു നൽകാനുമുണ്ടായ സാഹചര്യം ഇതാണ്.