ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം നടപ്പാക്കി ബി.ജെ.പി വാക്കുപാലിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണ ആയുധങ്ങളിലൊന്ന് കാശ്മീർ വിഷയമായിരുന്നു. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ആർട്ടിക്കിൾ 370 ഒഴിവാക്കുമെന്നായിരുന്നു വാഗ്ദാനം. മാത്രമല്ല, 'ബി.ജെ.പിക്ക് ജീവനുള്ളപ്പോൾ കാശ്മീരിനെ ആർക്കും വിട്ടുകൊടുക്കില്ലെ"ന്ന് അന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത് ഷാ പല തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും വ്യക്തമാക്കിയിരുന്നു. 'കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്നാണ് ഒമർ അബ്ദുള്ള പറയുന്നത്. എങ്ങനെയാണ് ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ ഉണ്ടാവുന്നത്? ഇന്ത്യയിൽ നിന്ന് ഒരിക്കലും പിരിക്കാൻ സാധിക്കാത്തതാണ് കാശ്മീരെന്ന് രാഹുൽ ഗാന്ധിയും ഒമർ അബ്ദുള്ളയും മനസിലാക്കണം. ബി.ജെ.പിക്കാർ ജീവിച്ചിരിക്കുന്നിടത്തോളം കാശ്മീരിനെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ട.'- ഇതായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഇന്നത് യാഥാർത്ഥ്യമാക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ബി.ജെ.പി.