ആത്മീയശിക്ഷണങ്ങൾ എന്ന് വിളിക്കപ്പെടുന്ന പലതും അടിസ്ഥാനപരമായി പറയുന്നത്, അഭിനിവേശം മോശമാണെന്നാണ്; അതിനാൽ ഒന്നിനോടും അഭിനിവേശമുണ്ടാകരുത്. അഭിനിവേശത്തിലൂടെ കടന്നുപോകുന്ന ആളുകൾക്ക് ഉണ്ടാകുന്ന വേദന കാരണമാണ് ഇത്തരത്തിലുള്ള ശിക്ഷണങ്ങളും തെറ്റിദ്ധാരണകളും വന്നുചേർന്നത്. കുരുക്കിൽ പെടുമെന്നുള്ള ഭയത്തിൽ നിന്നാണ് വിരക്തിയുടെയും ആശയില്ലായ്മയുടെയും ശിക്ഷണങ്ങൾ ഉണ്ടാകുന്നത്. കുരുക്കുകൾ എല്ലായ്പ്പോഴും ഒരു വ്യക്തിയിൽ വേദനയും കഷ്ടപ്പാടും സൃഷ്ടിക്കുന്നു. അതിനാൽ, ആരോ ഈ വിഡ്ഢിത്ത പരിഹാരം നിർദേശിച്ചു, വിരക്തനാകുക!അവരുടെ അഭിപ്രായത്തിൽ, ജീവിതത്തിനുള്ള പരിഹാരം ജീവിതം തന്നെ ഒഴിവാക്കുക എന്നതാണ് ! ആരെങ്കിലും ജീവിതം ഒഴിവാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ മരണം തിരഞ്ഞെടുക്കണം! അത് വളരെ ലളിതമാണ്. ജീവിച്ചിരിപ്പുണ്ടെങ്കിലും മരിക്കാൻ ആഗ്രഹിക്കുകയും മരിക്കാതിരിക്കുകയും ചെയ്യുന്നത് പീഡനാപൂർണമായിരിക്കും. നിങ്ങൾക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, നിങ്ങളും അതിൽ ഉൾപ്പെടണം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായുള്ള നിങ്ങളുടെ ആത്മബന്ധങ്ങളിൽ നിങ്ങൾ ശരിക്കും പ്രവർത്തിക്കേണ്ടതില്ല. എന്നാൽ നിങ്ങളുടെ സ്വന്തം ശരീരവുമായി നിങ്ങൾക്കുള്ള അഭിനിവേശത്തിനൊപ്പം പ്രവർത്തിക്കേണ്ടതുണ്ട്, കാരണം നിങ്ങളുടെ സ്വന്തം ശരീരവുമായി ആഴത്തിലുള്ള അഭിനിവേശത്തിലായിരിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ആരോടെങ്കിലും ബന്ധത്തിലാകുന്നത്. ശരീരവുമായുള്ള ബന്ധം ആഴമേറിയതാണ്, അതാണ് എല്ലാ അഭിനിവേശങ്ങളുടെയും ഉറവിടം. ഇതിൽ നിന്ന് നിങ്ങൾ സ്വയം മോചിപ്പിക്കുകയാണെങ്കിൽ, നിങ്ങൾ എല്ലാത്തിൽ നിന്നും സ്വതന്ത്രനാകും. നിങ്ങളുടെ സ്വന്തം ശരീരവുമായി നിങ്ങൾ അഭിനിവേശത്തിലല്ലെങ്കിൽ നിങ്ങൾക്ക് ആഴത്തിൽ ഇടപെടാം.
സ്വന്തം ശരീരത്തിൽ നിന്ന് എങ്ങനെയാണ് അകന്നു പോകേണ്ടതെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. യോഗ ഒരു സമ്പൂർണ ശാസ്ത്രമാണ്, ശരീരത്തിന്റെ കൂമ്പാരത്തിൽ നിന്നുള്ള വേർപിരിയലും സ്വാതന്ത്ര്യവും എന്ന ബോധം കൊണ്ടുവരുന്നതിനുള്ള ഉപകരണവും സാങ്കേതികവിദ്യയുമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങളുടെ ശ്വാസത്തിലും ശരീരത്തിലും സത്തയിലും നിങ്ങൾ പ്രപഞ്ചത്തിന്റെ പൂർണതയിൽ അഭേദ്യമായ ഒരു ആത്മബന്ധത്തിലാണ്. അതിനാൽ, അഭിനിവേശത്തെക്കുറിച്ച് ശങ്കിക്കേണ്ടതില്ല. വിരക്തിയെക്കുറിച്ചുള്ള ശിക്ഷണങ്ങളൊന്നും ശ്രദ്ധിക്കേണ്ടതില്ല. ഇപ്പോൾ, ആഗ്രഹങ്ങൾ മോശമാണെന്ന ശിക്ഷണങ്ങൾ മൂലം, നിങ്ങൾ അതിൽ ഏർപ്പെടാൻ മടിക്കുന്നു. നിങ്ങൾ സ്വയം വിരക്തനായാൽ മുക്തി ലഭിക്കില്ല. എല്ലാം നിങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തുമ്പോഴാണ് മോചനം ലഭിക്കുന്നത്. നിങ്ങൾ എല്ലാത്തിനെയും നിങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തുകയാണെങ്കിൽ, നിങ്ങളുടെതായ അസ്തിത്വം അവശേഷിക്കില്ല; അതാണ് യോഗ. യോഗ എന്നാൽ അഭിനിവേശം എന്നാണ് അർത്ഥമാക്കുന്നത്.
നിങ്ങൾ ഈ മുഴുവൻ അസ്തിത്വവുമായി അഭിനിവേശത്തിലാകുമ്പോൾ, നിങ്ങൾ യോഗയിലാണ്. അല്ലെങ്കിൽ ഈ അസ്തിത്വവുമായി നിങ്ങൾ എത്രമാത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾ മനസിലാക്കുമ്പോൾ, അതാണ് നിങ്ങളുടെ വിശ്വരൂപം , സാർവലൗകികത. നിങ്ങളുടെ അഭിനിവേശം വിവേചനരഹിതമായിരിക്കട്ടെ. അത് പരമാനന്ദത്തിലേക്ക് നയിക്കും. സ്വയം തിരഞ്ഞെടുക്കുന്ന, മുൻവിധിയോടെയുള്ള അഭിനിവേശമാണ് വേദനയ്ക്ക് കാരണമാകുന്നത്.
വിവേചനരഹിതവും പരിപൂർണവുമായി എല്ലാ കാര്യങ്ങളിലും ഉൾപ്പെടുന്ന ഒരാൾക്ക് മാത്രമേ ജീവിതത്തിന്റെ സൗന്ദര്യവും പ്രതാപവും അറിയാനാവൂ. അത് നിങ്ങളെ എല്ലാത്തിനോടും അഭിനിവേശമുള്ളതാക്കുക മാത്രമല്ല, നിങ്ങൾ സൃഷ്ടിച്ച ചെറിയ വ്യക്തിത്വം അലിയിച്ചു കളയുകയും ചെയ്യും.