camera
കാമറ

തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗം പിടിക്കാൻ ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്‌മാർട്ട് കാമറകളും റഡാ‌ർ കാമറകളും വരുന്നു. നിലവിൽ സ്ഥാപിച്ചിട്ടുള്ള കാമറകളേക്കാൾ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താനാണ് ഇവ. എത്ര വേഗതയിലായാലും നമ്പർ പ്ളേറ്റിന്റെ ഉൾപ്പെടെ വ്യക്തതയുള്ള ചിത്രം പകർത്തും. ആൾട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിൻബലത്തോടെയാണ് സ്‌മാർട്ട് കാമറകളുടെ പ്രവർത്തനം.

ഇത്തരം 820 സ്‌മാർട്ട് കാമറകളാണ് പല കേന്ദ്രങ്ങളിലായി സ്ഥാപിക്കുക. ഇതിനു പുറമേയാണ് ഏറ്റവുമധികം അപകടം നടക്കുന്ന ബ്ലാക്ക്‌സ്‌പോട്ടുകളിൽ 200 റഡാർ കാമറകൾ. മൂവി കാമറ പോലെ സ്റ്റാൻഡിൽ ഉറപ്പിക്കാവുന്നവയാണ് റഡാർകാമറ. നമ്പർ പ്ളേറ്റ് കാപ്ചർ കാമറകൾ അഞ്ഞൂറിടത്ത്. ഗതഗാത നിയമലംഘനങ്ങൾ കണ്ടെത്താൻ 120 സ്ഥലങ്ങളിൽ വേറെയും കാമറകളുണ്ടാകും.

300 കോടി ചെലവു വരുന്ന പദ്ധതി കേരള പൊലീസിന്റെ ഏറ്റവും വലിയ നിരീക്ഷണ കാമറാ നെറ്റ്‌വർക്കാണ്. ആഗോള ടെൻഡറിനു മുന്നോടിയായുള്ള പ്രീബിഡ് യോഗത്തിൽ മൂന്ന് വിദേശ കമ്പനികൾ ഉൾപ്പെടെ ആറ് കമ്പനികൾ പങ്കെടുത്തു. കുറ്റവാളികളെ തിരിച്ചറിയാനും ട്രാഫിക് നിയമലംഘനം സ്വയം കണ്ടെത്താനും അത്യാധുനിക സോഫ്‌റ്റ്‌വെയറും ഒരുക്കും. സംസ്ഥാനം മുഴുവൻ ഒറ്റ നിരീക്ഷണ- നിയന്ത്രണ സംവിധാനത്തിനു കീഴിലാക്കാൻ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കും. പത്തു വർഷത്തെ അറ്റകുറ്റപ്പണി സഹിതമാണ് കരാർ ഉറപ്പിക്കുക. ഇതിനൊപ്പം അമിതവേഗം കണ്ടെത്താനുള്ള 60 എൻഫോഴ്സ്‌മെന്റ് വാഹനങ്ങളും വാങ്ങും.

ജർമ്മനി, ഖത്തർ, ഷാർജ എന്നിവിടങ്ങളിൽ പൊലീസിന് സാങ്കേതികസഹായം നൽകുന്ന കമ്പനികളാണ് പദ്ധതിയിൽ താത്പര്യമറിയിച്ചത്. കെൽട്രോണും രംഗത്തുണ്ട്. 14-ന് ടെൻഡർ തുറക്കും. കാമറ സ്ഥാപിക്കാൻ പ്രയാസമുള്ള ഹൈവേകളുടെ വശങ്ങളിൽ എൻഫോഴ്സ്മെന്റ് വാഹനവും റഡാർ കാമറയുമായി നിന്നാൽ, വാഹനങ്ങളുടെ അമിതവേഗം കാമറ കണ്ടെത്തി കൺട്രോൾ റൂമിൽ അറിയിക്കും. ദൃശ്യങ്ങളിൽ നിന്ന് സ്ഥിരം കുറ്റവാളികളുടെ മുഖം തിരിച്ചറിഞ്ഞ് പൊലീസിനെ അലർട്ട് ചെയ്യുന്ന സെൻസർ സംവിധാനമുള്ള സോഫ്‌‌റ്റ്‌വെയറുകളും വാങ്ങും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഡാറ്റാബേസ് ഈ സോഫ്‌റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതോടെ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമാകും.

സ്‌മാർട്ട് കാമറകൾ

 ചുവന്ന സിഗ്നൽ ലൈറ്റുകൾ മറികടക്കുക, ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ ചിത്രം പകർത്തി കൺട്രോൾ റൂമിലേക്ക് അയയ്ക്കും.

 പിഴയൊടുക്കാനുള്ള നോട്ടീസ് കൺട്രോൾ റൂമിൽ നിന്ന് ഇവരുടെ വിലാസത്തിലേക്ക് അയയ്ക്കും. ഇതും തുടർനടപടികളും ഡിജിറ്റലായിരിക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ കൂടുകയോ ലൈസൻസ് റദ്ദാക്കപ്പെടുകയോ ചെയ്യാം.

 റോഡിലെ തിരക്കിന് അനുസരിച്ച് സിഗ്നലുകളുടെ സമയം സ്വയം ക്രമീകരിക്കുന്ന സെൻസറുകളടങ്ങിയ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സജ്ജമാക്കും.

 തിരക്കില്ലാത്തപ്പോൾ സിഗ്നൽ ഓഫാക്കി മറുവശത്തു നിന്നുള്ള വാഹനങ്ങളെ സ്വയം കടത്തിവിടും. അത്യാവശ്യഘട്ടത്തിൽ ഒരുവശത്ത് ഗ്രീൻചാനൽ സംവിധാനമൊരുക്കാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

മനുഷ്യബുദ്ധി വേണ്ടുന്ന ജോലികൾ ചെയ്യാനുള്ള യന്ത്രത്തിന്റെ കഴിവാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വിവേകം, തിരിച്ചറിയൽ, തീരുമാനം, സംസാരം, വിശകലനം, വിവരണം, ഭാഷാവിവർത്തനം തുടങ്ങിയവയെല്ലാം ഇതിലൂടെ സാധിക്കും. .

ഇന്റലിജന്റ് കാമറകൾ സ്ഥാപിക്കുന്നതോടെ വാഹനത്തിനകത്ത് ഉള്ളവരുടെ ചിത്രവും പകർത്താനാവും. ഇതോടെ അപകടങ്ങൾ കുറയും.

- ലോക്‌നാഥ് ബെഹറ

പൊലീസ് മേധാവി