ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തു കളഞ്ഞതിലൂടെ ബി.ജെ.പി നടപ്പിലാക്കുന്നത് സംഘപരിവാറിന്റെ ആറു പതിറ്റാണ്ടിലേറെയായുള്ള ആവശ്യം.
1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ 370-ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു സംഘപരിവാറിനുള്ളത്. ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370-ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കാശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം ശക്തമായി എതിർത്തു.
രാമക്ഷേത്രം, ഏകീകൃത സിവിൽകോഡ്, ആർട്ടിക്കിൾ 370 എടുത്തുകളയുക എന്നിവ എല്ലാകാലത്തും ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യങ്ങളായിരുന്നു. ഇതിൽ ഒന്നാണ് ബി.ജെ.പി സാദ്ധ്യമാക്കിയത്.
വലിയ ഭൂരിപക്ഷം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത് മുതൽ തങ്ങളുടെ അടിസ്ഥാന മുദ്രാവാക്യങ്ങൾ പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബി.ജെ.പി. ഇതിന് പ്രധാന തടസമായി നിന്നത് രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ല എന്നതായിരുന്നു. എന്നാൽ ചെറുപാർട്ടികളെ ഒപ്പം നിറുത്തിയും ടി.ഡി.പിയെ പിളർത്തിയും രാജ്യസഭയിലും ബി.ജെ.പി മേൽക്കൈ നേടിയെടുത്തു. ഇതിന്റെ ഫലമായി മുത്തലാഖ് അടക്കമുള്ള ബില്ലുകൾ രാജ്യസഭ കടന്നു.
ഇതോടെയാണ് തങ്ങളുടെ അടിസ്ഥാന ആശയം നടപ്പിലാക്കാൻ ബി.ജെ.പി ഒരുങ്ങിയത് എന്ന് വേണം വിലയിരുത്താൻ. രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ ലഭിച്ച അവസരം നരേന്ദ്രമോദി സർക്കാർ ഉപയോഗിച്ചു.