ന്യൂഡൽഹി: ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യയുടെ 34 അംഗ പ്രാഥമിക ടീമിൽ മലയാളി താരങ്ങളായ അനസ് എടത്തൊടികയേയും സഹൽ അബ്ദുൾ സമദിനെയും ജോബി ജസ്റ്റിനെയും ആഷിഖ് കുരുണിയയനെയും ഉൾപ്പെടുത്തി. ഇന്നലെയാണ് ഇന്ത്യൻ കോച്ച് ഇഗോൾ സ്റ്രിമാക്ക് പരിശീലന ക്യാമ്പിലേക്കുള്ള താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. ടീമിന്റെ പരിശീലനം ഉടൻ ആരംഭിക്കും.
സെപ്തംബർ 5ന് ഗുവാഹത്തിയിൽ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ യോഗ്യതാ മത്സരം. സെപ്തംബർ 10ന് ദോഹയിൽ ഖത്തറുമായി രണ്ടാം മത്സരം കളിക്കും. ഖത്തർ, ഒമാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഇതിനൊപ്പമുണ്ട്. ഖത്തർ ആതിഥേയരെന്ന നിലയിൽ ലോകകപ്പിന് നേരിട്ട ് യോഗ്യത നേടിയ ടീമാണെങ്കിലും ഏഷ്യൻ കപ്പിനുള്ള യോഗ്യത നിർണയിക്കുന്നതിനാലാണ് അവരും മത്സരിക്കാനിറങ്ങുന്നത്.
4 ടീമുകൾക്കാണ് ഏഷ്യയിൽ നിന്ന് ലോകകപ്പ് അന്തിമറൗണ്ടിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.
അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് ഇന്റർ കോണ്ടിനെന്റൽ പ്ലേഓഫിൽ ജയിച്ചാൽ യോഗ്യത കിട്ടും.
40 രാജ്യങ്ങൾ 8 ഗ്രൂപ്പുകളിലായി യോഗ്യതയ്ക്കായി ആദ്യ റൗണ്ടിൽ പോരാടാനിറങ്ങും.
ഇതിൽ നിന്ന് 12 ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. (ഗ്രൂപ്പ് ചാമ്പ്യൻമാരും, മികച്ച 4 രണ്ടാം സ്ഥാനക്കാരും.)
12 ടീമുകൾ 6 ടീം വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കും. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യതനേടും. മൂന്നാം സ്ഥാനക്കാർ ഹോം-എവേ മത്സരങ്ങൾ കളിക്കും. ജയിക്കുന്ന ടീം പ്ലേ ഓഫിന് യോഗ്യത നേടും.