kashmir-

ന്യൂഡൽഹി: ജമ്മുകാശ്മീർ വിഭജനബില്ലിലെ കോൺഗ്രസ് നിലപാടിനെച്ചൊല്ലി പാർട്ടിയിൽ പൊട്ടിത്തെറി. ബില്ലിനെ എതിർക്കുന്ന കോൺഗ്രസ് നിലപാട് ആത്മഹത്യാപരമാണെന്ന് അഭിപ്രായപ്പെട്ട് മുതിർന്ന നേതാവും രാജ്യസഭാ വിപ്പുമായ ഭുവനേശ്വർ കാലിത രാജിവച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കുന്നത് ആത്മഹത്യാപരമാണ്. നിയമനിർമ്മാണ ബിൽ രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചപ്പോൾ എതിർത്ത് വിപ്പ് നൽകാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിപ്പ് നൽകുന്നത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണ്. അതിനാൽ താൻ പാർട്ടിയിൽ നിന്ന് രാജിവക്കുകയാണെന്ന് ഭുവനേശ്വർ കാലിത പറഞ്ഞു.

പാർട്ടിയുടെ നേതൃത്വം കോൺഗ്രസിനെ നശിപ്പിക്കുകയാണ്. കോൺഗ്രസിനെ നാശത്തിൽ നിന്ന് തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബില്ലിനെച്ചൊല്ലി കോൺഗ്രസിൽ കടുത്ത ഭിന്നത തുടരുകയാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാൽ വിട്ടുവീഴ്ച പാടില്ലെന്നാണ് ഗുലാം നബി ആസാദിന്റെ നിലപാട്.