ന്യൂഡൽഹി : കാശ്മീരിനെ വിഭദജിക്കാനുള്ള ബിൽ രാജ്യ സഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ട് ചെയ്തു. 61 പേർ എതിർത്തു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്ലും രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. ഇതോടെ കാശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതായി. കാശ്മീർ നിവാസികൾക്ക് ഇനി പ്രത്യേക പരിരക്ഷ ലഭിക്കില്ല.
ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് താത്കാലികമാണെന്നും സമാധാനം പുനഃസ്ഥാപിച്ചശേഷം പൂർണ സംസ്ഥാന പദവി തിരിച്ചുനൽകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിൻമേൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി. സർക്കാർ തീരുമാനം രാഷ്ട്രീയം നോക്കിയല്ലെന്നും അമിത് ഷാ പറഞ്ഞു.
കാശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മു കാശ്മീരിന്റെ വളർച്ചയ്ക്കല്ല ഭീകരതയുടെ വളർച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയത്. മേഖലയിലെ അഴിമതിയും ദാരിദ്ര്യവും ഇതിലൂടെ വർധിക്കുകയാണ് ചെയ്തതെന്നും കാശ്മീർ ബില്ലിലെ ചർച്ചകൾക്ക് രാജ്യസഭയിൽ മറുപടി പറയവെ അമിത് ഷാ ചൂണ്ടിക്കാട്ടി.