suresh-raina

ന്യൂഡൽഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്നയും ബോളിവുഡ് നടി കങ്കണ റണൗട്ടും രംഗത്ത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചരിത്രപരമായ നീക്കമെന്നു വിശേഷിപ്പിച്ച റെയ്‌ന കൂടുതൽ സുഗമമായ കാലത്തെ മുന്നിൽ കാണുന്നുവെന്നും കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് റെയ്ന മോദിക്കും സർക്കാരിനും പിന്തുണയുമായി രംഗത്തെത്തിയത്.

ചരിത്രപരമായ ചവിട്ടുപടിയാണ് ഈ തീരുമാനമെന്ന് കങ്കണ റണൗട്ട് ട്വീറ്റ് ചെയ്തത്. ‘തീവ്രവാദ വിമുക്തമായ രാജ്യത്തിലേയ്ക്കുള്ള ചരിത്രപരമായ ചവിട്ടുപടിയാണ് ഈ തീരുമാനം. കഴിഞ്ഞ കുറച്ചുനാളുകളായി ഞാനും ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. പെട്ടന്ന് സാധ്യമല്ലാത്ത ഈ ലക്ഷ്യത്തിലേയ്ക്ക് ആരെങ്കിലും എത്തുമെന്നും ഞാൻ വിശ്വസിച്ചിരുന്നു. മോദിജി അത് സഫലമാക്കി. അദ്ദേഹം ദീർഘദർശി മാത്രമല്ല ധൈര്യവും ശക്തിയുമുള്ള വ്യക്തിത്വത്തിനുടമയാണ്. ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യത്തെ യാഥാർഥ്യമാക്കി മാറ്റി. ഭാരതം മുഴുവനെയും ജമ്മുകശ്മീരിനെയും ഞാൻ അഭിനന്ദിക്കുന്നു- കങ്കണ ട്വീറ്റ് ചെയ്തു.

ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കാശ്മീരിനും ബാധകമാകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അമിത് ഷാ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു സർക്കാരിന്റെ നിർണായക നീക്കം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് നേരത്തെയും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഇക്കാര്യം പ്രതിപാദിച്ചിരുന്നു.