ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ മുഖ്യപ്രതിയും പുറത്താക്കപ്പെട്ട ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിംഗ് സെൻഗാറിനെ തിഹാർ ജയിലിലേക്ക് അയയ്ക്കാൻ ഡൽഹി കോടതി ഉത്തരവിട്ടു. കേസിലെ വിചാരണ ഇന്നലെ ആരംഭിച്ചതിനാൽ ഉത്തർപ്രദേശിലെ സീതാപൂർ ജയിലിൽ കഴിഞ്ഞിരുന്ന സെൻഗാറിനെയും സഹായിയും കേസിലെ പ്രതിയുമായ ശശി സിംഗിനെയും ഞായറാഴ്ച രാത്രി ഡൽഹിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇരുവരെയും ഇന്നലെ രാവിലെ ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കി.
പെൺകുട്ടിയുടെ ജീവന് ഭീഷണി നിലനിൽക്കുന്നതും പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും പരിഗണിച്ച് ഉന്നാവ് പെൺകുട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ലക്നൗവിൽ നിന്ന് ഡൽഹിക്ക് അടിയന്തരമായി മാറ്റാനും വിചാരണ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും ഈ മാസം ഒന്നാം തീയതിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതേത്തുടർന്ന് കേസ് രേഖകൾ ഡൽഹിയിലെ തീസ് ഹസാരി കോടതിക്ക് കൈമാറുകയായിരുന്നു.
അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില സുപ്രീംകോടതി പരിഗണിക്കും. മെഡിക്കൽ റിപ്പോർട്ടും ബന്ധുക്കളുടെ നിലപാടും അനുസരിച്ചാകും മറ്റു നടപടികൾ. ന്യുമോണിയയും പനിയും ബാധിച്ച പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
രാഷ്ട്രീയ ആരോപണം
പീഡനക്കേസ് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും പെൺകുട്ടി സുഖം പ്രാപിച്ചു വരട്ടേയെന്നും സീതാപുർ ജയിലിൽ നിന്ന് ഡൽഹിക്ക് തിരിക്കവേ കുൽദീപ് സെൻഗാർ പറഞ്ഞു.