ന്യൂഡൽഹി: കാശ്മീരിനെ വിഭദജിക്കാനുള്ള ബിൽ രാജ്യ സഭയും പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ട് ചെയ്തു. 61 പേർ എതിർത്തു. എന്നാൽ കാശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ചതിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. അതേസമയം ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് താത്കാലികമാണെന്നും സമാധാനം പുനഃസ്ഥാപിച്ചശേഷം പൂർണ സംസ്ഥാന പദവി തിരിച്ചുനൽകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിൻമേൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി.
കാശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. സംസ്ഥാനത്തെ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. ഇതിൽ ജമ്മു കാശ്മീരിൽ നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും. എന്നാൽ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് പിന്നിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ചില ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ഇതുവരെ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. സെൻസസ് പ്രകാരം 2.74 ലക്ഷമാണ് മാത്രമാണ് ലഡാക്കിലെ ജനസംഖ്യ. ലഡാക്കിലെ ജനങ്ങൾ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് വർഷങ്ങളായി ആവശ്യമുന്നയിക്കാറുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ലേയും കാർഗിലും ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലകൾ ലഡാക്കിനു കീഴിലാണ്. ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. അതേ സമയം ഇന്ത്യ ചെെനീസ് പടയെ പ്രതിരോധിക്കുകയും ചെയ്തിരുന്നു. പാൻഗോങ് തടാകക്കരയിൽ ഇന്ത്യ–ചൈന സൈനികർ വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലഡാക്കിൽ സ്‌ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനയുടെ ഭാഗവുമാണ്.