rainfall

മുംബയ് : മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച തുടങ്ങിയ കനത്തമഴ നാലാം ദിവസവും തകർത്തു പെയ്യുന്നു.

മുംബയ് നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയിൽപ്പെട്ട് നാലുപേരെ കാണാതായി. മുംബയ്, പാൽഘർ, താനെ, നാസിക്, റായ്ഗഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർ ഓഫീസുകളിൽ വൈകി ഹാജർ രേഖപ്പെടുത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. അഞ്ചു ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ അധിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. മുംബയ്ക്ക് പുറമേ താനെ, പൂനെ, നാസിക്, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷം. പൂനെയിലെ ഖഡക്ക് വാസ്ലെ ഡാം തുറന്നുവിട്ടു.

ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ പന്ത്രണ്ട് സർവീസുകൾ റെയിൽവേ റദ്ദാക്കി. ഏഴെണ്ണം വഴിതിരിച്ചുവിട്ടു. മണ്ണിടിച്ചിൽ കാരണം തടസപ്പെട്ട കൊങ്കൺ വഴിയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകൾ അടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. മഹാനഗരം പാടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പനവേൽ, റോഹ സ്റ്റേഷനുകൾക്കിടയിൽ ജിതെ സ്റ്റേഷനുസമീപം മണ്ണിടിഞ്ഞതിനെത്തുടർന്നാണ് കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം നിലച്ചത്. നാഗോത്താനെ സ്റ്റേഷനു സമീപം അംബ പാലത്തിലെ പാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ പ്രശ്നം രൂക്ഷമായി. അതോടെ കൊങ്കൺ പാത പൂർണമായി അടഞ്ഞു.

കല്യാൺ, ഇഗത്പുരി സ്റ്റേഷനുകൾക്കിടയിൽ പാളത്തിലേക്ക് പാറ വീണതോടെ നാസിക് ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു. കല്യാൺ-കർജത്ത് മേഖലയിൽ ഷെലുവിലും വാംഗണി-നെരൽ സ്റ്റേഷനുകൾക്കിടയിലും പാളത്തിനടിയിൽനിന്ന് മണ്ണൊലിച്ചുപോയതോടെ പൂനെ-മുംബയ് പാതയിലെ ഗതാഗതവും തടസപ്പെട്ടു.

രാവിലെ പതിനൊന്നോടെയാണ് കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞത്. വൈകിട്ട് നാലോടെ മണ്ണുമാറ്റിയ ശേഷമാണ് രാജധാനി എക്സ്‌പ്രസ് മുന്നോട്ടുപോയത്. എന്നാൽ, നാഗോത്താനയിലെ വെള്ളം ഒഴുകിപ്പോകാത്തതുകാരണം പാത അടഞ്ഞുതന്നെ കിടന്നു. ഈ പാതയിലൂടെ ഓടേണ്ട മറ്റു വണ്ടികളെല്ലാം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി.

മുംബയിലെ പ്രധാന യാത്രാമാർഗമായ ലോക്കൽ ട്രെയിൻ സർവീസുകളും തടസപ്പെടുന്നുണ്ട്. കനത്ത മഴയുള്ളപ്പോൾ പുറത്തിറങ്ങരുതെന്നും വെള്ളക്കെട്ടുകളിൽനിന്ന് അകലം പാലിക്കണമെന്നും ജനങ്ങൾക്ക് മുംബയ് പൊലീസ് മുന്നറിയിപ്പ് നൽകി. രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മുംബയിൽ 24 മണിക്കൂറിൽ പെയ്തത് 204 മില്ലിമീറ്റർ മഴയാണ്. താനെയിലും നവിമുംബയിലും ലഭിച്ചത് 250 മില്ലിമീറ്ററിലധികം മഴയാണ്.