unnao

ന്യൂഡൽഹി: ഇന്നലെ രാവിലെ സുപ്രീംകോടതി ഉത്തരവിട്ടതനുസരിച്ച്, വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഉന്നാവോ പെൺകുട്ടിയെയും അഭിഭാഷകനെയും തുടർ ചികിത്സയ്ക്കായി വിമാനമാർഗം ഡൽഹി എയിംസിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് ഇരുവരെയും വിമാനത്താവളത്തിലെത്തിച്ചത്. ആശുപത്രിയിൽ നിന്ന് വെന്റിലേറ്റർ മാറ്റി ആംബുലൻസിൽ കയറ്റിയ പെൺകുട്ടിക്ക് വിമാനത്താവളത്തിലെത്താനായി ഉത്തർപ്രദേശ് പൊലീസ് 15 കിലോമീറ്ററോളം ട്രാഫിക് നിയന്ത്രിച്ച് 'ഹരിത ഇടനാഴി' ഒരുക്കി.

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരും ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പെൺകുട്ടിയെ എയിംസിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് അമ്മ ആവശ്യപ്പെട്ടതായി അഭിഭാഷകൻ ഡി. രാമകൃഷ്ണറെഡ്ഡി ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ജസ്റ്റിസ് ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവർ എയിംസിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.

'പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെങ്കിലും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിലമെച്ചപ്പെടുന്നതായും' കിംഗ് ജോർജ്ജ് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. 'പെൺകുട്ടിക്ക് ബോധം വന്നു. കണ്ണുതുറക്കുന്നുണ്ട്. വെന്റിലേറ്ററിൽ നീക്കുന്നതിന് തടസമില്ല' ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്നലെ രാത്രി വിമാനമാർഗ്ഗം എയിംസിലെത്തിച്ചക്.

ജൂലൈ 28നാണ് പെൺകുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറിൽ നമ്പർ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി ഇടിച്ച് തെറിപ്പിച്ചത്. പെൺകുട്ടിയുടെ രണ്ടു അമ്മായിമാർ അപകടത്തിൽ മരിച്ചു.