ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതും ജമ്മുകാശ്മീർ പുനഃസംഘടനാ ബില്ലിനെക്കുറിച്ചും വിശദീകരിക്കാൻ നയതന്ത്ര നീക്കവുമായി ഇന്ത്യ. ആർട്ടിക്കിൾ 370 വിഷയത്തിൽ പാകിസ്താൻ രക്ഷാസമിതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഇന്ത്യയുടെ നീക്കം. ഇതു സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോട് കേന്ദ്രസർക്കാർ വിശദീകരിച്ചു. രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളായ ബെൽജിയം, ഡൊമനിക്കൻ റിപ്പബ്ലിക്ക്, ജർമനി, ഇന്തോനേഷ്യ, കുവൈത്ത്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയിരുന്നു.
ജമ്മു കാശ്മീരിൽ മികച്ച ഭരണവും സാമ്പത്തിക വികസനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് ഇന്ത്യ വിശദീകരിച്ചത്. ഇതിനായി പാർലമെന്റില്‍ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ രക്ഷാസമിതി അംഗങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ആസിയാൻ രാജ്യങ്ങൾക്ക് മുന്നിലും ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.