പ്രൊവിഡൻസ്: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ അവസാന കളിയിലും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ സമയം രാത്രി 8 മുതൽ പ്രൊവിഡൻസിലാണ് മത്സരം.
പരീക്ഷണത്തിന് ഇന്ത്യ
ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഇന്ന് പരീക്ഷണങ്ങൾക്ക് മുതിർന്നേക്കുമെന്നാണ് റിപ്പോർട്ട് അങ്ങനെ വന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച താരങ്ങളിൽ ചിലർക്ക് വിശ്രമം നൽകിയേക്കും. ഏറെ നാളായി അവസരത്തിനായി കാത്തിരിക്കുന്ന ശ്രേയസ് അയ്യർ, ടീമിലുള്ള ഏക റിസ്റ്ര് സ്പിന്നർ രാഹുൽ ചഹർ എന്നിവർക്ക് ഇന്ന് അവസരം ലഭിച്ചേക്കുെമന്നാണ് റിപ്പോർട്ടുകൾ.
സാധ്യത ടീം: രോഹിത്, ധവാൻ /രാഹുൽ, കൊഹ്‌ലി, പന്ത്, പാണ്ഡേ/ശ്രേയസ്,ക്രുനാൽ, ജഡേജ/സുന്ദർ, ചഹർ/സെയ്നി, ഭുവനേശ്വർ, ഖലീൽ, രാഹുൽ ചഹർ.
ജയിക്കാൻ വിൻഡീസ്
ആദ്യത്തെ രണ്ട് മത്സരങ്ങളിലും തോറ്റ വിൻഡീസ് ഇന്ന് ജയം നേടി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. രണ്ടാം മത്സരത്തിൽ മഴ നിയമം ഇന്ത്യയ്ക്ക് അനുകൂലമായപ്പോൾ തങ്ങൾക്ക് കിട്ടേണ്ട വിജയമാണ് നഷ്ടമായതെന്നായിരുന്നു ചില വിൻഡീസ് താരങ്ങളുടെ പ്രതികരണം.
സാധ്യതാ ടീം: കാംപ്‌ബെൽ/ലൂയിസ്, നരെയ്ൻ, പൂരൻ,/ബ്രാംബൾ, ഹെറ്റ്മേയർ, പൊള്ളാഡ്, പവൽ, ബ്രാത്‌വെയ്റ്റ്, പോൾ, പിയറെ, കോട്ട്‌റൽ, തോമസ്.
സെയ്നിക്ക് ഡിമെറിറ്ര് പോയിന്റ്
ആദ്വ ട്വന്റി -20യിൽ വിക്കറ്റ് നേടിയ ശേഷം ബാറ്ര്‌സ്‌മാനെ പ്രകോപിപ്പിക്കുന്ന രീതിയിൽ ആഘോഷിച്ച ഇന്ത്യൻ യുവതാരം നവദീപ് സെയ്‌നിക്കെതിരെ ഐ.സി.സിയുടെ നടപടി. സെയ്‌നിക്ക് ഒരു
ഡിമെറിറ്ര് പോയിന്റ് കിട്ടി. നിക്കോളാസ് പൂരനെ പുറത്താക്കിയ ശേഷമായിരുന്നു സെയ്നിയുടെ പ്രകോപനപരമായ ആഘോഷം.