sukumaran
കാശ്മീരിലേക്ക് ശ്യാമപ്രസാദ് മുഖർജിയോടൊപ്പം മാർച്ച് നടത്തിയ ടി.സുകുമാരൻ .

കോഴിക്കോട് : ജമ്മു കാശ്‌മീരിന് 370ാം വകുപ്പ് പ്രകാരം നൽകിയിരുന്ന പ്രത്യേകാവകാശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബി. ജെ. പി സർക്കാർ റദ്ദാക്കിയതിന്റെ ആവേശത്തിലാണ് കോഴിക്കോട് ബീച്ച് റോഡിലെ തിരുമുഖം വീട്ടിൽ ടി. സുകുമാരൻ. ഈ കോരിത്തരിപ്പിന് ആറ് പതിറ്റാണ്ട്

പഴക്കമുള്ള ഒരു ഓർമ്മയുടെ സുഗന്ധമുണ്ട്. ബി. ജെ. പിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരമാണ് മോദി സർക്കാരിന്റെ ഈ 'കാശ്‌മീർ ഓപ്പറേഷൻ'.

60 വർഷം മുൻപാണ് അനുയായികൾക്ക് ശ്യാം ബാബു ആയിരുന്ന ശ്യാമപ്രസാദ് മുഖർജി തന്റെ കാശ്‌മീർ സ്വപ്നം മുന്നോട്ട് വച്ചത് - 'ഏക് രാജ്യ മേം ദോ വിധാൻ ദോ പ്രധാൻ ദോ നിഷാൻ നഹീം ചലേഗ' - ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും

രണ്ട് പ്രധാനമന്ത്രിമാരും രണ്ട് പതാകയും വേണ്ട. അത് ജനസംഘത്തിന്റെ മുദ്രാവാക്യമായി. ശ്യാം ബാബുവിന്റെ ആഹ്വാനമായി അത് ഇന്ത്യയിലാകെ അലയടിച്ചു. കാശ്‌മീരിൽ കടക്കാൻ ഇന്ത്യൻ പൗരന് അനുമതി വേണമെന്ന വ്യവസ്ഥയ്‌ക്കെതിരെ മാർച്ച് നടത്താൻ തീരുമാനിച്ചു. ആ ആഹ്വാനം കേട്ട് കോഴിക്കോട് നിന്ന് കാശ്‌മീരിലേക്ക് മാർച്ച് നടത്തിയ സംഘത്തിൽ അംഗമായിരുന്നു ടി. സുകുമാരൻ. കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ആളാണ് ടി.സുകുമാരൻ.

1953 മേയ് 11ന് ഡൽഹിയിൽ എത്താനായിരുന്നു സംസ്ഥാന നേതാവായിരുന്ന ടി.എൻ. ഭരതൻ പ്രവർത്തകരോട് നിർദ്ദേശിച്ചത്. ജനസംഘം ദേശീയ നേതാക്കളായ വാജ്‌പേയിയും ശ്യാമപ്രസാദ് മുഖർജിയുമാണ് മാർച്ച് നയിച്ചത്. ശ്യാമപ്രസാദ് മുഖർജിയെ കാശ്‌മീരിൽ തടങ്കലിലാക്കി. ജൂൺ 23ന് അദ്ദേഹം മരിച്ചതായി അറിയിച്ചു. ആ ജീവത്യാഗത്തിനാണ് ഇപ്പോൾ ഫലമുണ്ടായതെന്ന് ഗദ്ഗദത്തോടെ സുകുമാരൻ പറഞ്ഞു.

നെഹ്രു മന്ത്രിസഭയിലെ ആദ്യവ്യവസായ മന്ത്രിയായിരുന്ന ശ്യാം ബാബു കൊൽക്കത്ത മേയറായിരുന്നു. ആ യുവാവിനെ മന്ത്രിയാക്കാൻ ഗാന്ധിജിയാണ് നെഹ്രുവിനെ പ്രേരിപ്പിച്ചത്. എന്നാൽ 370ാം വകുപ്പിൽ പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചു. ജനസംഘത്തിന്റെ അമരക്കാരനായി കാശ്‌മീരിലേക്ക് ആയിരങ്ങളെ അണിനിരത്തി മാർച്ച് നടത്തി.

''കേരളത്തിൽ നിന്ന് എത്തിയ ഞങ്ങളെ ഡൽഹിയിൽ തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്തു. ശ്യാം ബാബുവിനെ കാശ്‌മീർ ജയിലിൽ അടച്ചു. ഷേക്ക് അബ്ദുള്ളയുടെ പീഡനത്തിലാണ് മരിച്ചത്. ശ്യാം ബാബുവിന്റെ അമ്മ അന്വേഷണത്തിന് അപേക്ഷിച്ചെങ്കിലും നെഹ്രു സമ്മതിച്ചില്ല.''- സുകുമാരൻ പറയുന്നു.

ഇന്ത്യാ വിഭജനത്തെ ആധാരമാക്കി 'രസിക്കാത്ത സത്യങ്ങൾ' അടിയന്തരാവസ്ഥ പ്രമേയമാക്കി 'ബലിമൃഗങ്ങൾ' എന്നീ നോവലുകൾ സുകുമാരൻ രചിച്ചിട്ടുണ്ട്. അക്കാലത്തെ ശ്യാംബാബു തരംഗത്തിൽ മകന് ശ്യാം എന്നാണ് പേരിട്ടത്. ഒ.രാജഗോപാലും മകന് ശ്യാമപ്രസാദ് എന്ന് പേരിട്ടത് അങ്ങനെയാണ്.