എഡ്ജ്ബാസ്റ്റൺ: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയ 251 റൺസിന് ഇംഗ്ലണ്ടിനെ കീഴടക്കി. മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ ആസ്ട്രേലിയ ഉയർത്തിയ 398 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന് 13/0 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് 146 റൺസിന് ആൾഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റുമായി കളം നിറഞ്ഞ ലെഗ് സ്പിന്നർ നാഥാൻ ലിയോണാണ് ഇംഗ്ലണ്ടിനെ തകർത്തത്. പാറ്റ് കുമ്മിൻസും 4 വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുന്ന മത്സരമായതിനാൽ ആസ്ട്രേലിയയ്ക്ക് 24 പോയിന്റും ലഭിച്ചു. മത്സരത്തിന്റെ തുടക്കം മുതൽ വിജയ പ്രതീക്ഷയുണ്ടായിരുന്ന ഏകദിനത്തിലെ ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിന് ഈ തോൽവി അപ്രതീക്ഷിതമായി.
കാണികളുടെ അധിക്ഷേപങ്ങൾ വകവയ്ക്കാതെ പതറാതെ പൊരുതി രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടി ആസ്ട്രേലിയയുടെ രക്ഷകനായ സ്റ്റീവൻ സ്മിത്താണ് കളിയിലെ കേമൻ.
രാവിലെ സമനിലയെങ്കിലും പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലണ്ടിന് കമ്മിൻസാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി വീരൻ റോറി ബേൺസിനെ (11) ടീം സ്കോർ 19ൽ വച്ച് ലിയോണിന്റെ കൈയിൽ എത്തിച്ചാണ് കമ്മിൻസ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീടെത്തിയ ക്യാപ്ടൻ റൂട്ട് (28), റോയ്ക്കൊപ്പം (28) അല്പ നേരം പിടിച്ചു നിന്നു. റോയ്യെ ക്ലീൻബൗൾഡാക്കി ടീം സ്കോർ 60ൽ വച്ച് ലിയോണാണ് കൂട്ടുകെട്ട് പൊളിച്ചത്. ഡെൻലിയെ (11) ലിയോൺ ബാൻക്രോഫ്റ്റിന്റെ കൈയിൽ എത്തിച്ചു. പിന്നീട് ചീട്ടുകൊട്ടാരം പോലെ ഇംഗ്ലണ്ട് ബാറ്രിഗ് നിര തകരുകയായിരുന്നു. ലഞ്ച് സമയത്ത് 97/7 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. 37 റൺസുമായി വാലറ്രത്ത് കുറച്ച് നേരം ചെറുത്ത് നില്പ് നടത്തിയ ക്രിസ് വോക്സാണ് അവരുടെ ടോപ്സ്കോറർ.