റിയാദ്: സൗദിയിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണം. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചത് കൊണ്ട് ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ഇന്ന് പുലർച്ചെ പെട്ടെന്നായിരുന്നു ആക്രമണം. യമനിലെ ഹൂതികൾ തൊടുത്തു വിട്ട രണ്ട് ഡ്രോണുകൾ സുരക്ഷാ സേന തകർക്കുകയായിരുന്നു. സുരക്ഷാ സേനയുടെ സംയോജിതമായ ഇടപെടലിനെ തുടർന്ന് ഡ്രോണുകൾ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പായി തകർക്കാന്‍ സാധിച്ചതായി അറബ് സഖ്യ സേനാ മേധാവി കേണൽ തുർക്കി അൽ മാലിക്ക് പറഞ്ഞു
പുലർച്ചയോടെ പടിഞ്ഞാറൻ പ്രവിശ്യയിലെ അബഹാ വിമാനത്താവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ഹൂതികൾ നിരന്തരമായി വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത് അന്താരാഷ്ട്രാ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. അന്താരാഷ്ട്രാ മനുഷ്യാവകാശങ്ങൾ വകവെക്കാതെ സാധാരണക്കാരായ സ്വദേശികളും വിദേശികളുമായ വിമാന യാത്രക്കാരെ ആക്രമിക്കുന്ന തീവ്രവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും കേണൽ തുർക്കി മാലിക്ക് വ്യക്തമാക്കി