my-home-

ഒരൊറ്റ നാരങ്ങ കൊണ്ട് വീട്ടിലെ കറയും ദുർഗന്ധം അകറ്റാൻ കഴിയുമോ. കഴിയും എന്നാണ് ഉത്തരം. മിക്ക വീടുകളിലും കാണുന്ന സാധാരണ പ്രശ്നങ്ങൾക്കാണ് നാരങ്ങയിൽ പരിഹാരം ഉള്ളത്.

വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ അഞ്ചോ ആറോ ചെറുനാരങ്ങ മുറിച്ചു വച്ചതും ഒരുപിടി ഗ്രാമ്പുവും വെള്ളത്തിലേക്കു ചേർത്താൽ മതി. ഇത് വീടിനുള്ളിലെ ദുർഗന്ധം ഇല്ലാതാക്കി സുഖകരമായ അന്തരീക്ഷം ഒരുക്കുന്നു.

കറ മാറ്റാനും നാരങ്ങ ഫലപ്രദമാണ്. കറയായ ഭാഗത്ത് നാരങ്ങാ ജ്യൂസ് കൊണ്ട് കുതിർത്ത് വച്ച് ഒരുമണിക്കൂറിനു ശേഷം നോക്കിയാൽ കറ ഇളകിവരുന്നതു കാണാം.

ആപ്പിൾ, അവക്കാഡോ തുടങ്ങിയ ചില പഴങ്ങൾ മുറിച്ചുവച്ചാൽ കുറച്ചുകഴിഞ്ഞ് അവയുടെ നിറം മങ്ങുന്നത് ഒഴിവാക്കാനും നാരങ്ങ ഉപയോഗിക്കാം. പഴങ്ങൾക്ക് മുകളിലേക്ക് അല്‍പം നാരങ്ങാനീര് ഒഴിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.

പച്ചക്കറികൾ അരിയാൻ ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡുകൾ പലനാൾ കഴിയുമ്പോൾ കറുത്ത് അഴുക്ക് പടർന്ന് വൃത്തികേടായിരിക്കുന്നത് അടുക്കളയിലെ സ്ഥിരം കാഴ്ചയാണ്. എത്രതന്നെ തേച്ചുരച്ചാലും പോകാത്ത ഈ കറയെ ഇല്ലാതാക്കാനും നാരങ്ങ മതി. ഒരുകഷ്ണം നാരങ്ങയെടുത്ത് കട്ടിങ് ബോർഡിനു മുകളിൽ ഉരസുക, ശേഷം ഇരുപതു മിനിറ്റോളം കുതിർന്നതിനു ശേഷം കഴുകിക്കളഞ്ഞാൽ ഇവ വൃത്തിയാക്കിയെടുക്കാം.

ഭക്ഷണാഅവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന ബോക്സുകളിൽ നിന്നുള്ള ദുർഗന്ധം ഇല്ലാതാക്കാൻ ഒരുനാരങ്ങയുടെ പകുതിയെടുത്ത് ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയും ചേർത്ത് ഇട്ടാൽ മതിയാകും.

മൈക്രോവേവിനുള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാനും നാരങ്ങ മികച്ചതാണ്. നാലു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തിൽ ചേര്‍ത്ത് തിളപ്പിക്കാൻ വെക്കുക. ഈ മിശ്രിതം മൈക്രോവേവിനുള്ളിൽ അടിഞ്ഞിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ എളുപ്പത്തിൽ ഇളകിവരാൻ സഹായിക്കുന്നു.

വാഷ് ബേസിനുകളും ബാത്ടബ്ബുകളും സിങ്കുകളുമൊക്കെ വൃത്തിയാക്കാനും നാരങ്ങ സഹായിക്കുന്നു. അരകപ്പ് ബേക്കിംഗ് സോഡയിൽ സോപ്പിന്റെ മിശ്രിതം ചേർത്ത് പേസ്റ്റാക്കി ഇതുപയോഗിച്ച് തുടച്ചുനോക്കിയാൽ അദ്ഭുതം നേരിട്ടറിയാനാവും.