ദമാം: കമ്പനിയുടെ ആവശ്യത്തിനായി ബാങ്കിൽനിന്ന് പണമെടുത്ത് മടങ്ങിയ മലയാളിയിൽ നിന്ന് 80,000 റിയാൽ തട്ടിയെടുത്തു. ഖാലിദയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനിൽനിന്നാണ് പണം കവർന്നത്. ഞായറാഴ്ച രാവിലെ ഖാലിദിയയിൽ നോവോട്ടലിന് സമീപമാണ് സംഭവം. സൗദി ബ്രിട്ടീഷ് ബാങ്കിന്റെ കോർണിഷ് ശാഖയിൽനിന്ന് പണവുമായി പുറത്തിറങ്ങിയതായിരുന്നു ഇദ്ദേഹം. കമ്പനിക്ക് സമീപം വാഹനം പാർക്കു ചെയ്യുന്നതിനിടയിലാണ് ആക്രമിസംഘം എത്തിയത്.
ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് കാത്തുനിന്നിരുന്ന ഒരാൾ ഒാടിയെത്തി പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. മലയാളി ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും മറ്റ് മൂന്നുപേർകൂടിയെത്തി സംഘമായി ഇയാളെ ആക്രമിക്കുകയായിരുന്നു. വാൾ എടുത്ത് വെട്ടാൻ ശ്രമിച്ചതോടെ ഇയാൾ പണമടങ്ങിയ ബാഗ് വിട്ടുകൊടുക്കുകയായിരുന്നു. വിരമറിയച്ചതിനെതുടർന്ന് ഉ പൊലീസ് എത്തുകയും വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. .സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആരുടേയും മുഖം വ്യക്തമല്ല.
വർഷങ്ങളായി കമ്പനിക്ക് വേണ്ടി ബാങ്കിൽ പോകുന്നതും പണം ശേഖരിക്കുന്നതും ഇദ്ദേഹമാണ്. ഇത് അറയാവുന്ന ആളാണ് പണം കവർന്നതെന്നാണ് സംശയം. അതേസമയം ഞായറാഴ്ച വൈകീട്ട് വാഹനം പാർക്ക് ചെയ്ത് താമസസ്ഥലത്തേക്ക് പോയ മലപ്പുറം സ്വദേശിയെ അഞ്ചംഗ സംഘം തടഞ്ഞുനിർത്തി കത്തികാട്ടി ഇഖാമയും എ.ടി.എം കാർഡും പണവും അടങ്ങുന്ന പഴ്സ് തട്ടിയെടുത്തിരുന്നു.