തിരുവനന്തപുരം: ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഗവർണറും മുഖ്യമന്ത്രിയുമടക്കം വി.വി.ഐ.പി പട കുതിച്ചുപായുന്ന നഗരത്തിൽ പൊലീസിന്റെ കാമറാ നിരീക്ഷണം ഇല്ലാതായി. സിറ്റി റോഡുകളിൽ പൊലീസിന്റെ 220 കാമറകളിൽ പ്രവർത്തിക്കുന്നത് പന്ത്രണ്ടെണ്ണം മാത്രം. 2009-11 കാലയളവിൽ സ്ഥാപിച്ച കാമറകൾ, അറ്റകുറ്റപ്പണിയില്ലാതെ നശിച്ചു. ഇനി അറ്റകുറ്റപ്പണി നടത്തണമെങ്കിൽ സ്പെയർപാർട്സുകൾ ലഭ്യവുമല്ല. അറ്റകുറ്റപ്പണിക്ക് വാർഷിക കരാർ നൽകാത്തതിനാൽ ഒന്നേകാൽ വർഷമായി കെൽട്രോൺ ഈ കാമറകൾ കൈയൊഴിഞ്ഞു. തലസ്ഥാന നഗരത്തിന്റെ സുരക്ഷയ്ക്ക് കാമറാ നിരീക്ഷണം അത്യാവശ്യമാണെന്നത് മറന്നാണ് പൊലീസ് അനാസ്ഥ കാട്ടുന്നത്. കാമറകൾ മിഴിയടച്ചതോടെ പൊലീസിന്റെ തലസ്ഥാനത്തെ നിരീക്ഷണ സംവിധാനം അപ്പാടെ പാളിപ്പോയി.
കാമറാ നിരീക്ഷണം നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനും ഫലപ്രദമായി പ്രവർത്തിക്കാനും പൊലീസിനെ സഹായിക്കുമായിരുന്നു. 72 ജംഗ്ഷനുകളിൽ സെക്രട്ടേറിയറ്റിനു മുന്നിലും മറ്റും ചിലയിടങ്ങളിൽ മാത്രമാണ് കാമറാ നിരീക്ഷണമുള്ളത്. സ്ത്രീകൾക്കെതിരായ അതിക്രമം, മാലപൊട്ടിക്കൽ, അമിതവേഗതയിലെ വാഹനമോടിക്കൽ, ഗതാഗത നിയമലംഘനം എന്നിവയെല്ലാം പൊലീസിന് എളുപ്പത്തിൽ പിടികൂടാനും കഴിഞ്ഞിരുന്നു. കാമറകൾ കണ്ണടച്ച് ഒന്നേകാൽ വർഷമായിട്ടും സിറ്റി പൊലീസിന്റെ തലപ്പത്തുള്ളവർ അനങ്ങിയിട്ടില്ല. കെൽട്രോൺ സ്വന്തം നിലയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കാമറകളുടെ ദുരവസ്ഥ അറിയിച്ച് കത്തുനൽകി. സ്പെയർപാർട്സുകൾ ലഭിക്കാത്തതിനാൽ കാമറകൾ മാറ്റിസ്ഥാപിക്കുന്നതാണ് നല്ലതെന്ന് കെൽട്രോൺ ശുപാർശ നൽകിയിരുന്നു. എന്നാൽ കാമറകൾ മാറ്റിസ്ഥാപിക്കാൻ നൽകാമെന്നേറ്റിരുന്ന റോഡ് സുരക്ഷാ ഫണ്ടിലെ വിഹിതം സർക്കാർ തിരിച്ചെടുത്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അതേസമയം, കാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയീടാക്കുന്നതിലൂടെ കാമറകൾ സ്ഥാപിക്കുന്നതിന്റെ ചെലവ് തിരികെക്കിട്ടുമെന്നത് പൊലീസ് സൗകര്യപൂർവം മറക്കുകയാണ്.
വൻതോതിൽ അപകടങ്ങളും മത്സരയോട്ടവും നടക്കുന്ന വെള്ളയമ്പലം- കവടിയാർ പാതയിലെ റഡാർ കാമറ മാത്രമാണ് ഇപ്പോൾ കൃത്യമായി പ്രവർത്തിക്കുന്നത്. രാത്രിയിലടക്കം വാഹനത്തിന്റെ വേഗതയും നമ്പർ പ്ലേറ്റടക്കമുള്ള ചിത്രവും പിടിച്ചെടുക്കുന്ന കാമറയാണിത്. 24 മണിക്കൂറും റഡാർ കാമറ കൃത്യമായി പ്രവർത്തിച്ചുതുടങ്ങിയതോടെ വെള്ളയമ്പലം-കവടിയാർ റോഡിലെ മത്സരയോട്ടം നിലച്ചു. അപകടങ്ങളും കുറഞ്ഞിട്ടുണ്ട്. എന്നിട്ടും നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ പൊലീസിനായിട്ടില്ല. നഗരത്തിലെ ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് പൊലീസിന് ഏറെ സഹായകമാവുന്നത് നിരീക്ഷണ കാമറകളാണ്. നഗരത്തിൽ പൊലീസിന്റെ കുറവ് ഒരളവുവരെ പരിഹരിച്ചിരുന്നതും കാമറകൾ വഴിയാണ്. നഗരത്തിലെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് ഈ കാമറകൾ കൺട്രോൾറൂമിൽ എത്തിക്കുമായിരുന്നു. നഗരത്തിൽ എല്ലായിടത്തും മാലപൊട്ടിക്കുന്നവരെയും പൂവാലന്മാരെയും കവർച്ചക്കാരെയുമൊന്നും കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാൻ പൊലീസിന് ഇപ്പോൾ കഴിയുന്നില്ല.
നഗരത്തിന്റെ മുക്കുംമൂലയും രാപ്പകൽ ഭേദമില്ലാതെ നിരീക്ഷിക്കാൻ മൂന്നുകോടി ചെലവിൽ ഹൈ ഡെഫനിഷൻ (എച്ച്.ഡി) കാമറകൾ സ്ഥാപിക്കുമെന്ന പൊലീസിന്റെ വാക്ക് വെറുംവാക്കായി. പി. പ്രകാശ് കമ്മിഷണറായിരിക്കെ, കൂടുതൽ ദൃശ്യമികവുള്ള കാമറകൾ ബി.എസ്.എൻ.എല്ലിൽ നിന്ന് വാങ്ങാനുള്ള പദ്ധതി ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് സമർപ്പിച്ചിരുന്നു. ബി.എസ്.എൻ.എല്ലിന്റെ വേഗതയേറിയ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുപയോഗിച്ച് കാമറാദൃശ്യങ്ങൾ തത്സമയം സിറ്റി കൺട്രോൾറൂമിലെത്തിക്കാമായിരുന്നു. കമ്മിഷണർ മാറിയതോടെ ഈ പദ്ധതി പെരുവഴിയിലായി. ആഘോഷക്കാലത്തും തിരക്കുള്ളപ്പോഴും കാമറകൾ വാടകയ്ക്കെടുത്താണ് പൊലീസ് നിരീക്ഷണം നടത്തുന്നത്. റോഡപകടമോ കവർച്ചയോ ഉണ്ടായാൽ പ്രദേശത്തെ കടകളിലും വീടുകളിലും സ്ഥാപിച്ചിട്ടുള്ള കാമറകളാണ് പൊലീസിന് ആശ്രയം. നിർമ്മാണം നടക്കുന്ന കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ഒരിടത്തും കാമറകളില്ല.
കാമറകൾ നശിച്ചത് ഇങ്ങനെ
നഗരനിരീക്ഷണത്തിന് 1.35 ലക്ഷം രൂപ വരെ വിലയുള്ള കാമറകളാണ് കെൽട്രോൺ സ്ഥാപിച്ചിരുന്നത്. സോണി, സാംസംഗ് കമ്പനികളുടെ ഇറക്കുമതിചെയ്ത കാമറാമൊഡ്യൂളുകളിലാണ് കെൽട്രോൺ കാമറ നിർമ്മിക്കുന്നത്. മൊഡ്യൂളൊന്നിന് 80,000 രൂപയ്ക്ക് മേലാണ് വില. ഇറക്കുമതിചെയ്ത കൺട്രോൾ യൂണിറ്റും ലെൻസും തകരാറിലായാൽ അറ്റകുറ്റപ്പണിക്ക് ദുബായിലും സിംഗപ്പൂരിലും അയയ്ക്കണം. ഇതിന് ഭീമമായ ചെലവുണ്ട്. മഴയും വെയിലുമേറ്റാണ് കാമറകളിൽ ഭൂരിഭാഗവും കേടാവുന്നത്. വാഹനങ്ങൾ ഇടിച്ച് പത്ത് ശതമാനത്തോളം കാമറകൾ തകരാറിലാവുന്നു. വാർഷിക അറ്റകുറ്റപ്പണി കരാർ തീർന്നതോടെ കെൽട്രോൺ 41 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകിയില്ല. ഇതോടെ കാമറകൾ ഓരോന്നായി നശിച്ചു.
ശ്രീറാമിന്റെ കാർ പോയതിങ്ങനെ
കവടിയാർ- വെള്ളയമ്പലം റോഡിലെ റഡാർ കാമറയിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാർ പതിഞ്ഞിട്ടുണ്ട്. ഈ പാതയിൽ 60 കിലോമീറ്ററാണ് വേഗപരിധി. ഈ കാർ 55 കിലോമീറ്റർ വേഗത്തിലായിരുന്നു.
കാറിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റിന്റെയും കാറിന്റെയും ചിത്രവും വേഗവും മാത്രമാണ് റഡാർ കാമറയിലുണ്ടാവുക. ഇന്നലെ അന്വേഷണസംഘം ഈ ദൃശ്യങ്ങൾ ശേഖരിച്ചു. അപകടമുണ്ടായതിന് അടുത്ത് മ്യൂസിയം സ്റ്റേഷനു മുന്നിലും എൽ.എം.എസിനു മുന്നിലുമായി രണ്ട് കാമറകളുണ്ടെങ്കിലും അപകടസ്ഥലം ഇവയിൽ പതിയില്ല. ഈ കാമറകൾ പ്രവർത്തിക്കുന്നവയല്ലെന്നും സൂചനയുണ്ട്.