തിരുവനന്തപുരം: സജീവ സാന്നിദ്ധ്യം കൊണ്ട് എപ്പോഴും കെ.എം. ബഷീർ സമ്പന്നമാക്കിയിരുന്ന പ്രസ് ക്ളബിലെ ടി.എൻ.ജി ഹാളിൽ ഇന്നലെ പറഞ്ഞുകേട്ടത് മുഴുവൻ ബഷീറിനെക്കുറിച്ചുള്ള സൗമ്യവും സാന്ദ്രവുമായ നിമിഷങ്ങളുടെ സ്മരണകൾ. കക്ഷി രാഷ്ട്രീയ ഭേദമെന്യേ, അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും പറയാനുണ്ടായിരുന്നത് ബഷീറിനൊപ്പം ചെലവിട്ട ഹൃദ്യവും നനുത്തതുമായ സ്വകാര്യ നിമിഷങ്ങൾ.
ബഷീറിന്റെ ദാരുണാന്ത്യത്തിന് ഉത്തരവാദിയായ വ്യക്തിയെ, പദവിയും സ്വാധീനവും നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രിമാരും വിവിധ കക്ഷിനേതാക്കളും നൽകിയ ഉറപ്പ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും മിത്രങ്ങൾക്കും ആശ്വാസമായി. ചടങ്ങിൽ പങ്കെടുത്തവരുടെ ബാഹുല്യം തന്നെ ബഷീറിനുള്ള വലിയ ആദരവായി.
ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ് കളക്ടറായിരുന്നപ്പോൾ ഉണ്ടായ ഉരസൽ പരാമർശിച്ച് മന്ത്രി എം.എം. മണിയാണ് അനുസ്മരണ ചടങ്ങിന് തുടക്കമിട്ടത്. 'താൻ അന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഏവർക്കും ബോദ്ധ്യമായിട്ടുണ്ടാവുമല്ലോ' എന്ന് പറഞ്ഞാണ് മണി പ്രസംഗം തുടങ്ങിയത്. കൂടുതൽ കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ എം.എം. മണി, പത്രപ്രവർത്തകനെന്ന നിലയിൽ ബഷീറുമായി ഉണ്ടായിട്ടുള്ള വ്യക്തിബന്ധവും അനുസ്മരിച്ചു. കേസിൽ സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി.
തുടർന്ന് സംസാരിച്ച മന്ത്രി ഇ.പി. ജയരാജൻ, ശ്രീറാം വെങ്കിട്ടരാമനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ആവർത്തിച്ചു. മാദ്ധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ സർക്കാരിനെ പൂർണമായി വിശ്വസിക്കാമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കി. അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന വഫ എന്ന യുവതിയുടെ ഫോൺകാളുകൾ വിശദമായി പരിശോധിക്കണമെന്നതായിരുന്നു ബി.ജെ.പി നേതാവ് വി.വി. രാജേഷിന്റെ നിർദ്ദേശം.
ബഷീറിന്റെ കുടുംബത്തെ സഹായിക്കാൻ വിവിധ സംഘടനകൾ താത്പര്യം കാട്ടിയതും അദ്ദേഹത്തിനുള്ള വലിയ ആദരമായി.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു ലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചു. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഉപദേഷ്ടാവ് ടി.കെ.എ. നായർ ബഷീറിന്റെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചുമതല പൂർണമായി ഏറ്റെടുത്തു. കേരള മീഡിയ അക്കാഡമി ഒരു ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുമെന്ന് ചെയർമാൻ ആർ.എസ് . ബാബുവും അറിയിച്ചു. ബഷീറിനെക്കുറിച്ച് അനുസ്മരിക്കുന്നതിനിടയിൽ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് സൈഫുദ്ദീൻ ഹാജി വിതുമ്പിയത് ചടങ്ങിനെ ഒരു നിമിഷം വല്ലാതെ ഉലച്ചു.
അവസാന നിമിഷത്തിലും തന്റെ പത്രത്തിനെക്കുറിച്ചാണ് ഫോണിൽ ബഷീർ സംസാരിച്ചതെന്ന സൈഫുദീന്റെ വാക്കുകൾ, ജോലിയോടുള്ള ബഷീറിന്റെ അർപ്പണത്തിന്റെ സാക്ഷ്യപത്രവുമായി. യോഗത്തിൽ പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കിരൺബാബു സ്വാഗതവും പ്രസ് ക്ളബ് പ്രസിഡന്റ് ജി. പ്രമോദ് നന്ദിയും പറഞ്ഞു.