തിരുവനന്തപുരം: വരയിൽ ഒളിപ്പിച്ച മുന വച്ച ചിരിക്കൊപ്പം കാഴ്ചക്കാരിൽ ചിന്തയുടെ കനൽ കൂടി കോരിയിടുന്ന എ. സതീഷിന്റെ 'നേരും വരയും' എന്ന കാർട്ടൂൺ പ്രദർശനം മ്യൂസിയം ആഡിറ്റോറിയത്തിൽ തുടങ്ങി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ദേശീയ സമിതി അംഗം പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ലളിതകലാ അക്കാഡമി എക്സിക്യൂട്ടിവ് അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ, കാർട്ടൂൺ അക്കാഡമി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് വിഭാഗങ്ങളിലായി നൂറ്റമ്പതോളം കാർട്ടൂണുകളാണ് പ്രദർശനത്തിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികളിലെ 60 സ്ഥാനാർത്ഥികളുടെ കാരിക്കേച്ചറുകളാണ് പൊളിറ്റിക്കൽ വിഭാഗത്തിലുള്ളത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി വരച്ച ഈ കാരിക്കേച്ചറുകൾക്കു പ്രത്യേകം കാപ്ഷനുകളും നൽകിയിട്ടുണ്ട്. രണ്ടാമത്തെ വിഭാഗമായ സോഷ്യോ പൊളിറ്റിക്കലിൽ 40 കാർട്ടൂണുകളാണുള്ളത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.വി. തോമസ്, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവരാണ് ഈ കാർട്ടൂൺ വിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതുകൂടാതെ സാമൂഹ്യവിഷയങ്ങളെ ആസ്പദമാക്കിയുള്ള 25ഓളം കാർട്ടൂണുകളും പ്രദർശനത്തിനുണ്ട്. ചടങ്ങിൽ പങ്കെടുത്ത പ്രമുഖരുടെ കാരിക്കേച്ചറുകളും പ്രദർശനത്തിനുണ്ട്.
എസ്.ബി.ഐയിൽ നിന്ന് ചീഫ് മാനേജരായി വിരമിച്ച മണക്കാട് സ്വദേശിയായ എ. സതീഷ് അഭിനയം, കഥയെഴുത്ത്, ചിത്രരചന, നാടകപ്രവർത്തനം എന്നിവയിലും വ്യക്തിമുദ്ര പതിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ് ദേശീയതല പുരസ്കാരം, ലളിതകലാ അക്കാഡമി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, ചെന്നൈ എന്നിവിടങ്ങളിൽ ഏകാംഗ കാർട്ടൂൺ പ്രദർശനങ്ങൾ നടത്തി. കൃതി പുസ്തകോത്സവത്തിൽ തത്സമയ കാരിക്കേച്ചർ രചനയിലും സജീവമാണ്.