കഴക്കൂട്ടം: നിമിഷ നേരങ്ങൾക്കുള്ളിൽ നിരവധി മാജിക്കുകൾ... പതറാതെ, കൃത്യതയോടെ, ചടുലഭാവങ്ങൾ കോർത്തിണക്കി അമ്പരപ്പിക്കുന്ന ഇന്ദ്രജാലങ്ങൾ അവതരിപ്പിച്ചത് സെറിബ്രൽപാൾസി, ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കുട്ടികൾ. തഴക്കവും പഴക്കവും വന്ന ഇന്ദ്രജാലക്കാരെപ്പോലെ അവർ വേദിയിൽ അദ്ഭുതങ്ങൾ തീർത്തപ്പോൾ അമേരിക്കയിലെ പ്രശസ്ത മജിഷ്യൻ സാൻഡിയും മിഴിച്ചു നിന്നു.
കഴക്കൂട്ടം മാജിക് പ്ലാനറ്റിലാണ് ഈ വിസ്മയ സംഭവത്തിന് അരങ്ങൊരുങ്ങിയത്. ഭിന്നശേഷിക്കുട്ടികൾ സ്ഥിരമായി ഇന്ദ്രജാല അവതരണം നടത്തുന്ന എം പവർ വേദി കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലുണ്ടെന്നറിഞ്ഞാണ് അമേരിക്കൻ മജിഷ്യനും എഴുത്തുകാരനും ഇന്ദ്രജാല ഗവേഷകനുമായ അലക്സാണ്ടർ സാൻഡി മാർഷലും സംഘവും ഇവിടെയെത്തിയത്. ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ 6 ഭിന്നശേഷിക്കുട്ടികൾ ഒന്നിനുപിറകെ ഒന്നായി നിരവധി ഇന്ദ്രജാലങ്ങളാണ് സംഘത്തിന് മുന്നിൽ അവതരിപ്പിച്ചത്.
ഒഴിഞ്ഞ പെട്ടിക്കുള്ളിൽ നിന്നും നിരവധി വിസ്മയപ്പൂക്കൾ സൃഷ്ടിച്ചും ദേശീയോദ്ഗ്രഥന ജാലവിദ്യയുടെ ഭാഗമായി ഭാരതാംബയെ പ്രത്യക്ഷപ്പെടുത്തിയും കുട്ടികൾ അദ്ഭുതങ്ങളുടെ പ്രവാഹമൊരുക്കി.
20 മിനിട്ടു നീണ്ട പ്രകടനങ്ങൾക്കൊടുവിൽ വേദിയിലേക്ക് ചാടിക്കയറി സാൻഡി കുട്ടികളെ വാരിപ്പുണർന്നപ്പോൾ കാണികളുടെ കണ്ണുകൾ ഈറനണിഞ്ഞു. പിന്നെ കുട്ടികൾക്കൊപ്പം കുറച്ചു നേരം. തന്റെ കൈയിലുള്ള കുഞ്ഞു കുഞ്ഞു മാജിക്കുകൾ അവരെ പഠിപ്പിക്കുവാനും സാൻഡി മറന്നില്ല.