തിരുവനന്തപുരം: ഗാന്ധി 150 ആഘോഷ പരിപാടികളുടെ ഭാഗമായി ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ്, സ്വദേശി ട്രസ്റ്റ്, വൈ.എം.സി.എ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വദേശി ഫെസ്റ്റിവലിന് വൈ.എം.സി.എ ഹാളിൽ തുടക്കമായി. 23 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.വി. തോമസ്, റവ. തോമസ് കുഴിനാപ്പുറത്ത്, ടി. മാത്യു ഫിലിപ്പ്, ജേക്കബ് പുളിക്കൻ, റെജി കുന്നുംപുറം, ഷാജി ജെയിംസ്, പി. ഹരിദാസ്, വിജയകുമാരി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
കൊളസ്ട്രോൾ നിവാരിണി, ജാതിക്കാ ടോൺ, ചക്ക ടോൺ, വിവിധ തരം സ്ക്വാഷുകൾ, സോപ്പുകൾ, അച്ചാർ, പ്രമേഹ നിവാരിണി, മുളക് പൊടി, മല്ലിപ്പൊടി തുടങ്ങിയ മുന്നൂറിൽ പരം നാടൻ ഉത്പന്നങ്ങളുടെ പ്രദർശനം, വില്പന, ഉത്പന്ന നിർമ്മാണ പരിശീലനം തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കും.
7, 8 തീയതികളിൽ പേപ്പർ ബാഗ് നിർമ്മാണം, 9,10,11 തീയതികളിൽ ഭക്ഷ്യ ഉത്പന്ന നിർമ്മാണം, 12, 13, 14 തീയതികളിൽ കേക്ക് നിർമ്മാണം, 15, 16 തീയതികളിൽ കുട നിർമ്മാണം, 17, 18, 19, 20 തീയതികളിൽ ചക്ക ഉത്പന്ന നിർമ്മാണം, 21, 22 തീയതികളിൽ പ്രകൃതി കൃഷി പരിശീലനം, 23, 24 തീയതികളിൽ കറി മസാലപ്പൊടി നിർമ്മാണം എന്നിവ നടക്കും. 17ന് നടക്കുന്ന ഗാന്ധി 150 നേതൃസംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447154338, 9495954338.