ഹിരോഷിമ - നാഗസാക്കി
ലോകത്തെ നടുക്കിയ ഭീകര ദിവസങ്ങളാണ് 1945 ആഗസ്റ്റ് 6, 9 എന്ന് തന്നെ പറയാം. അന്നാണ് നിഷ്ഠൂരമായ
കൃത്യത്തിന് ലോകം സാക്ഷ്യം വഹിച്ചത്. രണ്ടാം ലോകയുദ്ധത്തിൽ അമേരിക്ക ജപ്പാനിൽ ബോംബ് വർഷിച്ചു. അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർ ഇന്നും അവിടെയുണ്ട് എന്നറിയുമ്പോഴേ ആ കൃത്യം എത്രത്തോളം ഭീകരമായിരുന്നു എന്ന് മനസിലാക്കാൻ കഴിയൂ. ഈ ദിനം എല്ലാ വർഷവും ശാന്തിക്കും സമാധാനത്തിനുമായി മാറ്റിവയ്ക്കപ്പെടുന്നു.
പേൾ ഹാർബർ
ജപ്പാന്റെ സൈന്യം 1941 ഡിസംബർ 7 ന് ഹവായ് ദ്വീപിലെ ഹോണലുലുവിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ നാവിക കേന്ദ്രം ആക്രമിച്ചു. ഹവായ് ഓപ്പറേഷൻ എന്ന് പേരിട്ട ഈ ആക്രമത്തിന് പ്രതികാരമായാണ് പിന്നീട് അമേരിക്കൻ സേന ജപ്പാനെ ആക്രമികച്ചത്.
ജർമ്മനി കീഴടങ്ങിയിട്ടും ജപ്പാൻ കീഴടങ്ങാൻ തയ്യാറായില്ല. അതോടുകൂടി അന്നേവരെ ലോകത്താരും ഉപയോഗിച്ചിട്ടില്ലാത്ത ആണവായുധം ജപ്പാന് നേരെ ഉപയോഗിക്കുക എന്ന കടുത്ത തീരുമാനം അമേരിക്ക സ്വീകരിച്ചു.
1945 ആഗസ്റ്റ് 6 ന് ഹിരോഷിമ ലക്ഷ്യമാക്കി അമേരിക്കയുടെ 'എനലാഗേ' എന്ന വിമാനം പറന്നു. 'ലിറ്റിൽ ബോയ്' എന്ന പേരുള്ള അണുബോംബ് അതിലുണ്ടായിരുന്നു. ഹിരോഷിമ നഗരത്തിന് മുകളിൽ രാവിലെ 8 ന് എത്തിയ ആ വിമാനത്തിൽ നിന്ന് ബോംബ് വർഷിക്കപ്പെട്ടു. ഏകദേശം 2 ലക്ഷം പേർ തത്ക്ഷണം മരിച്ചുവെന്നാണ് കണക്ക്. നാലു കിലോമീറ്റർ ദൂരെയുള്ളവർക്ക് പോലും പൊള്ളലേറ്റു എന്ന് അറിയുമ്പോൾ മാത്രമേ എത്ര ആഘാതമായിരുന്നു അത് സൃഷ്ടിച്ചതെന്ന മനസിലാകും. ഹിരോഷിമ നഗരം ചാമ്പലായി.
ആഗസ്റ്റ 9 ന് നാഗസാക്കിയിൽ 'ഫാറ്റ്മാൻ' എന്ന അണുബോംബ് അമേരിക്ക വർഷിച്ചു. ഇതിൽ ഒന്നേകാൽ ലക്ഷത്തോളം പേർ മരിച്ചു. അണുബോംബ് വർഷിച്ച സമയത്ത് രണ്ടിടത്തുമായി തത്ക്ഷണം മൂന്നേകാൽ ലക്ഷത്തിലേറെ പേർ മരിച്ചു. പക്ഷേ അണു വികിരണങ്ങൾ ഏറ്റ് ഇതിലും എത്രയോ പേർ കൊല്ലപ്പെട്ടു. അതുകൊണ്ടാണ് ഹിരോഷിമ - നാഗസാക്കി ദിനം ലോകത്തിന്റെയാകെ കണ്ണീരായി മാറിയത്. വർഷങ്ങളോളം ഈ വികിരണങ്ങൾ ആ പ്രദേശത്തെയാകെ ബാധിക്കുന്നു. അംഗവൈകല്യം ഇതിന്റെ പരിണിതഫലമാണ്.
ആണവായുധം
അണുവിഘടനവും അണുസംയജനമോ മൂലമുണ്ടാകുന്നതാണ് ആണവായുധങ്ങൾ. ഇവയുടെ മാരകമായ ആക്രമണത്തിന് കാരണം ആണവ പ്രവർത്തനങ്ങളിൽ നിന്നും വളരെ കൂടിയ അളവിൽ ഊർജം ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ്.
അണുവിഘടനം
അണുകേന്ദ്രത്തെ രണ്ടോ അതിലധികമോ ഘടകങ്ങളാക്കി വിഭജിക്കുന്ന പ്രക്രിയ ഇത് സ്വാഭാവികമായും പ്രചോദിതമായും രണ്ട് വിധത്തിലുണ്ട്. ഒരു അണുകേന്ദ്രത്തിൽ ഒരു ന്യൂട്രോൺ പതിച്ചാൽ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു. അതിനുശേഷം ഈ അണു കേന്ദ്രം അസ്ഥിരമാകുന്നു. ഉടൻ തന്നെ അത് രണ്ടായി പിളരും. ഇതിനൊപ്പം തന്നെ ന്യൂട്രോണുകളും ഊർജം സ്വതന്ത്രമാക്കപ്പെടുന്നു. താപത്തിന്റെ രൂപത്തിലാണ് ഊർജം സ്വതന്ത്രമാക്കപ്പെടുന്നത്.
അണു സംയോജനം
ഒന്നിൽ കൂടുതൽ അണു കേന്ദ്രങ്ങൾ കൂടി ചേർന്നുണ്ടാകുന്ന പ്രക്രിയ ആണ് അണു സംയോജനം. സൂര്യനിൽ ഊർജം ഉത്പാദിപ്പിക്കുന്നത് അണു സംയോജനംമൂലമാണ്.
നിജുഹിബാകിഷ
അണുബോംബ് ആക്രമണത്തെ അതിജീവിച്ചവരെ ജപ്പാനീസ് ഭാഷയിൽ പറയുന്ന പേരാണിത്. 'സ്ഫോടനത്തിൽ പരിക്കേറ്റവർ' എന്നാണർത്ഥം.
മാൻഹട്ടൻ പ്രോജക്ട്
രണ്ടാം ലോക മഹായുദ്ധത്തിൽ അണുബോംബ് നിർമ്മാണത്തിന് അമേരിക്ക നേതൃത്വം നൽകിയ പദ്ധതി. ഇതിന്റെ തലവനായിരുന്നു
റോബർട്ട് ഓപ്പൺ ഹെയ്മർ. ഇദ്ദേഹത്തെ ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കുന്നു.
ലോക മഹായുദ്ധങ്ങൾ
ആധുനിക യുഗത്തിൽ ലോകം രണ്ട് വൻയുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ച ആ യുദ്ധങ്ങൾ നിരവധി പേരുടെ ജീവനെടുത്തു. പല രാജ്യങ്ങളും തകർന്നു. ചിലത് ആയുധ ശക്തി ഉപയോഗിച്ച് വളർന്നു. ഈ രണ്ട് യുദ്ധങ്ങളെക്കുറിച്ചും മനസിലാക്കി വയ്ക്കുന്നത് സാമൂഹ്യപാഠഭാഗത്തിന് ഉപകാരമാകും.
ഒന്നാം ലോക മഹായുദ്ധം (1914 - 1918)
യൂറോപ്പായിരുന്നു കേന്ദ്രം. യൂറോപ്പിലെ രാജ്യങ്ങളുടെ കിടമത്സരമാണ് ഒന്നാം ലോകയുദ്ധമായി മാറിയ്. 1914 ജൂലായ് 28 മുതൽ 1918 നവംബർ 11 വരെ നീണ്ടു നിന്ന യുദ്ധത്തിൽ 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും കൊല്ലപ്പെട്ടു.
ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടിൽ നിലനിന്നിരുന്ന സംഘർഷമാണ് ഈ യുദ്ധത്തിന് കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാന്റിനെ 1914 ജൂലായ് 28 ന് ബോസ്നിയൻ നഗരമായ സാരാജെവോയിൽ വച്ച് വെടിവച്ചു കൊന്നതാണ് ഒന്നാം ലോക യുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണം. ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘത്തിലെ അംഗമായിരുന്ന ഗാമ്ലോ പ്രിൻസിപ്പൽ എന്ന വ്യക്തിയാണ് ഡ്യൂക്കിനെ കൊന്നത്. ഇതിൽ സെർബിയയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച ഓസ്ട്രിയ സെർബിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് രണ്ട് പക്ഷത്തുമായി രാജ്യങ്ങൾ
നിലയുറപ്പിച്ചു.
റഷ്യ സെർബിയയുടെ സഹായത്തിനെതിയത് ജർമ്മനിയെ പ്രകോപിപ്പിച്ചു. യുദ്ധത്തിൽ നിന്ന് പിൻമാറാൻ ജർമ്മനി ആവശ്യപ്പെട്ടെങ്കിലും റഷ്യ വഴങ്ങിയില്ല. ജർമ്മനിയും റഷ്യയും തമ്മിൽ യുദ്ധമായി. ബ്രിട്ടനും ഫ്രാൻസും റഷ്യയെ പിന്തുണച്ചു. ഇറ്റലി ജർമ്മനിയെ പിന്തുണച്ചു.
ത്രികക്ഷികൾ
ത്രികക്ഷി സഖ്യമുണ്ടാക്കിയ രാജ്യങ്ങളാണ് ഓസ്ട്രിയ, ജർമ്മനി, ഇറ്റലി. 1882 ലാണിത് രൂപീകൃതമായത്. 1892ൽ ത്രികക്ഷി സൗഹാർദ്ദം രൂപീകൃതമായി - ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ.
യുദ്ധത്തിൽ പതറിയ ജർമ്മനിയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. രാജാവായിരുന്ന കൈസർവില്യം രണ്ട് സ്ഥാനത്യാഗം ചെയ്തു. റഷ്യൻ വിപ്ളവം ഉണ്ടാവുന്നത് 1917 ലാണ്. യുദ്ധംമൂലമുണ്ടായ ചൂഷണമായിരുന്നു കാരണം. പട്ടിണിയും ക്ഷാമവും പടർന്നു പിടിച്ചു.
തുർക്കിയുടെ തകർച്ച
തുർക്കിയിൽ ഭരണം മാറി. മുസ്തഫ കമാൽ പുതിയ ഭരണാധികാരിയായി. ഇദ്ദേഹമാണ് ആധുനിക തുർക്കിയുടെ പിതാവ്.
പല രാജ്യത്തെയും രാജവാഴ്ച തകർന്നു. ഓസ്ട്രിയൻ ചക്രവർത്തി സ്ഥാനത്യാഗം ചെയ്തു. പുതിയ ദേശീയതയും ജനാധിപത്യവും ഉദയം ചെയ്തു. ഫിൻലൻഡ്, ലാത്വിയ, ലിത്യാനിയ, ഹംഗറി, യുഗോസ്ളാവ്യ, എസ്തോണിയ മുതലായവ ഉയർന്നുവന്നു.
രണ്ടാം ലോക യുദ്ധം
ഒന്നാം ലോകയുദ്ധത്തിന് ശേഷവും രാജ്യങ്ങൾ തമ്മിലുള്ള വിദ്വേഷം അവസാനിച്ചിരുന്നില്ല. സാമ്രാജ്യങ്ങൾ കൈയടക്കാനായി അവർ വെമ്പൽ പൂണ്ടു. സാമ്രാജ്യങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിച്ചവരും സ്വന്തം സാമ്രാജ്യങ്ങൾ സംരക്ഷിക്കാൻ തീരുമാനിച്ചവരും തമ്മിലുള്ള സംഘർഷമാണ് രണ്ടാം ലോക യുദ്ധത്തിന് വഴിതെളിച്ചത്.
തുടക്കം
നാത്സി പാർട്ടി രൂപീകരിച്ച് ജർമ്മനിയുടെ ശക്തികേന്ദ്രമായി മാറിയ ഹിറ്റ്ലർ ഒന്നാം ലോക യുദ്ധത്തിൽ ജർമ്മനിക്ക് നഷ്ടമായതെല്ലാം തിരിച്ച് പിടിക്കാൻ തീരുമാനിച്ചു. 1939ൽ ജർമ്മനി പോളണ്ടിനെ ആക്രമിച്ചു. വിശാല ജർമ്മനി എന്ന സ്വപ്നം കണ്ട ഹിറ്റ്ലർ കിഴക്കൻ പ്രഷ്യയുമായി ജർമ്മനിയെ ബന്ധിച്ച് ഇടനാഴി ഉണ്ടാക്കാൻ ഒരു പ്രത്യേക പ്രദേശം വിട്ടുതരാൻ പോളണ്ടിനോട് ആവശ്യപ്പെട്ടു. പോളണ്ട് ഇത് നിരാകരിച്ചു. ഇതാണ് ആക്രമണത്തിന് കാരണം.
ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധ പ്രഖ്യാപിച്ചു.