പഴമക്കാരുടെ ആരോഗ്യ രഹസ്യങ്ങളിലൊന്നായിരുന്നു കാച്ചിൽ. കായികാദ്ധ്വാനത്തിനുള്ള കരുത്തും രോഗപ്രതിരോധശേഷിയും കാച്ചിൽ അവർക്ക് നൽകിയിരുന്നു. വിറ്റാമിനുകൾ,പൊട്ടാസ്യം, കാൽസ്യം , ഇരുമ്പ്, മഗ്നീഷ്യം കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയാണ് കാച്ചിലിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ.
വിറ്റാമിൻ ബിയും ധാരാളമുണ്ട്. നാഡീസംബന്ധമായ പ്രശ്നങ്ങളകറ്റാൻ ഇത് ഉത്തമമാണ്. ശരീരത്തിന് ഉന്മേഷം പകരാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട് കാച്ചിൽ. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാണിത്. പഴമക്കാർക്കിടയിൽ ഹൃദ്റോഗം കുറഞ്ഞിരുന്നതിന്റെ ഒരു കാരണവും കാച്ചിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്നതാണ്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോളിനെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ കാച്ചിലിന് കഴിവുണ്ട്. ശ്വാസതടസവും കഫക്കെട്ടും ഇല്ലാതാക്കും.
ആന്റിഓക്സിഡന്റുകളുടെ കലവറയായതിനാൽ കാച്ചിൽ രോഗങ്ങളെ പ്രതിരോധിക്കും. മികച്ച ദഹനം സാദ്ധ്യമാക്കുന്നതിനൊപ്പം ദഹനസംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കുന്നു. ആമാശയത്തിലെ അമ്ളത്വം കുറയ്ക്കും. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാനും കാച്ചിൽ ഉത്തമമാണ് .