പുനെ: മഹരാഷ്ട്രയിലെ സത്താറ ജില്ലയിലെ കൊയ്‌ന അണക്കെട്ടിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും കൂടെയുണ്ടായ മലയാളിയെ കാണാതാവുകയും ചെയ്തു. കണ്ണൂർ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യാരെയാണ്(40) കാണാതായത്. വൈശാഖിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിതീഷ് ഷേലാരുവാണ് മരിച്ചത്.
നിതീഷും വൈശാഖും കൂടി കൊയ്‌ന അണക്കെട്ടിലേക്ക് വിനോദ യാത്ര പോയതായിരുന്നു. ശനിയാഴ്ച രാത്രിയോടെ പബൽ നാല എന്ന സ്ഥലത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ അപകടത്തിൽപ്പെട്ട കാർ കാണുന്നത്.
സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ നിതീഷിന്റെ മൃതദേഹം കാറിൽ നിന്ന് ലഭിച്ചു. അതേസമയം പൊലീസും സമീപവാസികളും തിരച്ചിൽ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്തനായില്ല. ശക്തമായ മഴ തിരച്ചിലിന് തടസമായിട്ടുണ്ട്. കുടുംബസമേതം ന്യൂസിലാൻഡിലാണ് വൈശാഖ്. ഔദ്യോഗിക ആവശ്യത്തിനായി അടുത്തിടെയാണ് പുനെയിലെത്തിയത്.