ന്യൂഡൽഹി: കാശ്മീർ ബില്ലിൽ നിലപാട് തീരുമാനിക്കാൻ യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് എം.പിമാരുടെ യോഗം വിളിച്ചു. ബിൽ ഇന്ന് ലോക്‌സഭാ പരിഗണിക്കാനിരിക്കെയാണ് യോഗം. കഴിഞ്ഞദിവസം രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉൾപ്പെടെയുള്ളവർ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നെങ്കിലും പാർട്ടിയിലെ പലനേതാക്കൾക്കും എതിരഭിപ്രായമുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വർ കലിത പാർട്ടിവിടുന്നതായി പ്രഖ്യാപിച്ചത്.
ഭുവനേശ്വർ കലിതയ്ക്ക് പുറമെ രാജ്യത്തെ പല കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പാർട്ടി നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, കാശ്മീർ വിഷയത്തിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായതിനാലാണ് സോണിയ ഗാന്ധി കോൺഗ്രസ് എം.പിമാരുടെ യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ ബില്ലിനെ സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കണമെന്ന് മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യും.
അതേസമയം, രാജ്യസഭയിൽ കാശ്മീർ ബിൽ 125 വോട്ടുകൾക്ക് ഇന്നലെ പാസാക്കിയിരുന്നു. ബി.ജെ.ഡിയും ബി.എസ്.പിയും ബില്ലുകളെ പിന്തുണച്ചേക്കും. തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് സൂചന. ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബിൽ രാജ്യസഭയിൽ പാസായത് 61 വോട്ടുകൾക്കെതിരെ 125 വോട്ടുകൾക്കാണ്. അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.