ന്യൂഡൽഹി: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ രീതി ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് പ്രശസ്ത ചരിത്രകാരൻ രാമചന്ദ്രൻ ഗുഹ ആരോപിച്ചു. ഇത് കാശ്‌മീരിന്റെ മാത്രം പ്രശ്‌നമല്ല.പൗരത്വം സംബന്ധിച്ച വിഷയം മാത്രവുമല്ല. ഭരണകൂടത്തിനുള്ള അധികാരം ദുരുപയോഗം ചെയ്‌തതിനെക്കുറിച്ചാണ് ഈ അവസരത്തിൽ നമ്മൾ ചിന്തിക്കേണ്ടത്. കാശ്‌മീരികളുടെ താത്പര്യത്തിനെന്ന പേരിൽ നടപ്പിലാക്കിയ തീരുമാനം 1.2 കോടിയോളം വരുന്ന കാശ്‌മീരികളെ ബന്ധികളാക്കിയ ശേഷമാണ് പ്രഖ്യാപിച്ചത്. ഭരണഘടനയെ സംരക്ഷിക്കാൻ ഉണർന്നിരുന്നില്ലെങ്കിൽ കാശ്‌മീരിൽ സംഭവിച്ചത് ഇന്ത്യയിൽ എവിടെയും നടക്കാമെന്നും രാമചന്ദ്ര ഗുഹ മുന്നറിയിപ്പ് നൽകി.
ഇത്രയും ധൃതി പിടിച്ച് കാശ്‌മീർ വിഷയത്തിലെ ബില്ലിൽ ഒപ്പുവച്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ തീരുമാനത്തെയും അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഏതെങ്കിലും നിർണായക വിഷയത്തിൽ ബിൽ വരികയാണെങ്കിൽ അത് പരിഗണിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനും തിരിച്ചയയ്‌ക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്. പ്രത്യേകിച്ചും കാശ്‌മീരിൽ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുൻ മുഖ്യമന്ത്രിമാരെ അടക്കം വീട്ടുതടങ്കലിൽ ആക്കുകയും വാർത്താ വിനിമയ സംവിധാനങ്ങൾ നിറുത്തലാക്കുകയും ചെയ്‌ത സാഹചര്യത്തിൽ പ്രത്യേകിച്ചും സ്പീക്കർ ബില്ലിൻമേൽ തന്റെ അധികാരം പ്രയോഗിക്കണമായിരുന്നു. എന്നാൽ തിടുക്കത്തിലും വിവേകമില്ലാതെയുമാണ് രാഷ്ട്രപതി ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം,ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തു. ഇരുവരെയും വീടുകളിൽ നിന്ന് സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. കേന്ദ്ര തീരുമാനത്തെ എതിർത്ത് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടിരുന്നു. ജമ്മു കാശ്മീർ പീപ്പിൾ കോൺഫറൻസ് നേതാക്കളായ സജ്ജാദ്ദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരും അറസ്റ്റിലായി. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം.