തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അക്രമക്കേസിൽ ഒന്നാം പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവായ ശിവരജ്ഞിത്തിന്റെയും 17-ാം പ്രതിയായ പ്രണവിന്റെയും മൊബൈൽ ഫോണുകളിലേക്ക് പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷസമയത്ത് വന്നത് അസാധാരണമാം വിധം എസ്.എം.എസുകൾ. സെെബർ പൊലീസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഒരേ നമ്പറിൽ നിന്ന് ഇരുവരുടെയും ഫോണുകളിലേക്ക് 90 വീതം സന്ദേശങ്ങളാണ് ഒന്നേകാൽ മണിക്കൂറിനുള്ളിൽ എത്തിയത്. ഈ സന്ദേശങ്ങളെന്താണെന്ന് പൊലീസ് വേർതിരിച്ചെടുത്തിട്ടില്ല.
സന്ദേശങ്ങൾ അയച്ച മൊബൈൽ നമ്പറും അതിന്റെ ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവർ പരീക്ഷാ സമയത്ത് ഉത്തരങ്ങൾ പകർത്തിയെഴുതിയെന്നാണ് സംശയിക്കുന്നത്. പൊലീസ് സൈബർ സെല്ലിൽനിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. പൊലീസിന്റെ സഹായത്തോടെയായിരിക്കും പി.എസ്.സി.യുടെ തുടരന്വേഷണം.
പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി പി.എസ്.സി.യുടെ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഒന്നാംറാങ്കുകാരൻ ശിവരഞ്ജിത്ത്, രണ്ടാംറാങ്കുകാരൻ പ്രണവ്, 28-ാം റാങ്കുകാരൻ നസീം എന്നിവരെ റാങ്ക്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ പി.എസ്.സി. യോഗം തീരുമാനിച്ചത്. മൂന്ന് പേരെയും റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ പി.എസ്.സി ശുപാർശ ചെയ്തു.
ആജീവനാന്ത കാലത്തേക്കാണ് മൂവരെയും പി.എസ്.സി പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുള്ളത്. ഇവരെ പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്ന് സ്ഥിരമായി അയോഗ്യരാക്കും. അക്കാര്യം യു.പി.എസ്.സി. ഉൾപ്പെടെയുള്ള മറ്റു നിയമന ഏജൻസികളെ അറിയിക്കും.ക്രമക്കേടിന്റെ വ്യാപ്തി കൂടുതലാണെന്നു തെളിഞ്ഞാൽ പരീക്ഷ റദ്ദാക്കേണ്ടി വരും.