ന്യൂഡൽഹി: കാശ്‌മീരിനെ രണ്ടായി വിഭജിക്കാനുള്ള പ്രമേയം കീറിയെറിഞ്ഞതിന് കോൺഗ്രസ് പാർലമെന്റ് അംഗങ്ങളായ ഹൈബി ഈഡനും ടി.എൻ.പ്രതാപനും ലോക്‌സഭാ സ്പീക്കർ ഓം ബിർലയുടെ ശാസന. ഇന്ന് രാവിലെ തന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തിയാണ് സ്പീക്കർ ഇരുവരെയും ശാസിച്ചത്. കഴിഞ്ഞ ദിവസത്തെ സഭാ നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സ്പീക്കർ ഓം ബിർള ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സഭയിൽ മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു.
കാശ്‌മീർ സംസ്ഥാനത്തെ ജമ്മുകാശ്‌മീരായും ലഡാക്കായും വിഭജിക്കാനുള്ള കാശ്‌മീർ വിഭജന പ്രമേയം പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ധൃതി പിടിച്ച് പ്രമേയം അവതരപ്പിച്ചതിനെ പ്രതിപക്ഷം എതിർക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ എം.പിമാർ നടുത്തളത്തിലേക്ക് ഇറങ്ങി ബഹളം വയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് ഹൈബി ഈഡനും ടി.എൻ പ്രതാപനും പ്രമേയം കീറിയെറിഞ്ഞത്.