ചെന്നൈ: കാശ്മീരിൽ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതിനും ജമ്മുകാശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെ നടനും മക്കൾ നീതി മയ്യം നേതാവുമായ കമലഹാസൻ രംഗത്ത്. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം വിമർശിച്ചു.
'ഇത് തികച്ചും പിന്തിരിപ്പനും സ്വേച്ഛാധിപത്യവുമായ നടപടിയാണ്. ആർട്ടിക്കിൾ 370, 35 എ വകുപ്പുകളിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ സമവായത്തിലൂടെ ആയിരിക്കണമായിരുന്നു. പ്രതിപക്ഷത്തോടെ ആലോചിക്കാതെയും പർലമെന്റിൽ ചർച്ച ചെയ്യാതെയുമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബലപ്രയോഗത്തിലൂടെ പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നു'.- കമലഹാസൻ വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് കാശ്മീരിനെ വിഭജിക്കാനുള്ള ബിൽ രാജ്യ സഭ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ട് ചെയ്തു. 61 പേർ എതിർത്തു. ഇതോടെ കാശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതായി. കാശ്മീർ നിവാസികൾക്ക് ഇനി പ്രത്യേക പരിരക്ഷ ലഭിക്കില്ല. ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് താത്കാലികമാണെന്നും സമാധാനം പുനഃസ്ഥാപിച്ചശേഷം പൂർണ സംസ്ഥാന പദവി തിരിച്ചുനൽകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലിൻമേൽ നടന്ന ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനം രാഷ്ട്രീയം നോക്കിയല്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.കാശ്മീരിലെ രക്തചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370ാം വകുപ്പ് എടുത്തു കളയുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.