blue-whale

തൃക്കരിപ്പൂർ : വലിയപറമ്പ് തീരത്ത് കരയ്ക്കടിഞ്ഞ ഭീമൻ തിമിംഗലത്തെ വലിച്ചുമാറ്റാനെത്തിയ ജെ.സി.ബിയും തോറ്റ് സുല്ലിട്ടു. പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഭാഗത്തായി കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. ദിവസങ്ങൾക്കു മുൻപ് ചത്തതെന്ന് കരുതുന്ന തിമിംഗലമാണ് കരയ്ക്കടിഞ്ഞത്. അസഹനീയമായ ദുർഗന്ധമുയർന്നതിനെ തുടർന്ന് പരിസരവാസികൾ ബുദ്ധിമുട്ടിലാവുകയായിരുന്നു. പഞ്ചായത്ത് അധികൃതരെത്തി ജെ.സി.ബിയുടെ സഹായത്തോടെ തിമിംഗലത്തെ നീക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്, കടലിലും കരയിലുമായി കിടന്ന രണ്ട് ആനയെക്കാളും വലിപ്പമുള്ള തിമിംഗലത്തെ വലിച്ചുമാറ്റാൻ ജെ.സി.ബികൊണ്ട് ഏറെ നേരം പരിശ്രമിച്ചെങ്കിലും ഉയർത്തിമാറ്റാനായില്ല. ഇതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇതിന് പിന്നാലെ പഞ്ചായത്ത് അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടി, തുടർന്ന് രണ്ട് ജെ.സി.ബികളുടെ സഹായത്തോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ കഠിനശ്രമങ്ങൾ ഫലം കാണുകയായിരുന്നു. ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തിമിംഗലത്തിന്റെ ജഡം കരയിലേക്ക് മാറ്റാനായത്. തിമിംഗലത്തിന്റെ തലയും ഉടലും വേർപെട്ടനിലയിലാണ്. അപൂർവ്വമായിട്ടാണ് കേരളത്തിന്റെ തീരങ്ങളിൽ ഇത്രയും വലിപ്പമുള്ള തിമിംഗലം അടിയുന്നത്. തിമിംഗലത്തിന്റെ ജഡംത്തെ വെട്ടിമുറിച്ച് സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചു.