ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്നത് റദ്ദാക്കണമെന്ന ആശയം ജനസംഘത്തിന്റെ കാലം മുതൽക്കേ ഉയർത്തിപ്പിടിച്ചിരുന്നു. പിന്നീട് ബി.ജെ.പി രൂപീകരിച്ചപ്പോൾ അത് അവരുടെ മാനിഫെസ്റ്റോയുടെ ഭാഗമായി. 2014 ൽ ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞത് കാശ്മീരിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി ആലോചിച്ചിട്ടായിരിക്കും ഇത് നടപ്പാക്കുക എന്നാണ്. എന്നാൽ ആ മന്ത്രിസഭയ്ക്ക് തീരുമാനം നടപ്പാക്കാനായില്ല. 2019 ലെ പ്രകടനപത്രികയിൽ, കാശ്മീരിലെ രാഷ്ട്രീയ പാർട്ടികളോടും ബന്ധപ്പെട്ട മറ്റു കക്ഷികളോടും ആലോചിക്കും എന്ന വ്യവസ്ഥ അവർ എടുത്തു കളഞ്ഞു. എൻ.ഡി.എ ഗവൺമെന്റ് വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരമേറ്രപ്പോൾ കാശ്മീർ വിഭജനം നടപ്പാക്കും എന്നുറപ്പായിരുന്നു. എന്നാൽ എപ്പോൾ, എങ്ങനെ നടപ്പാക്കും എന്നത് മാത്രമെ അറിയാനുണ്ടായിരുന്നുള്ളു.
പ്രത്യേക പദവി റദ്ദാക്കൽ ഇപ്പോൾ നടത്തിയില്ലെങ്കിൽ പിന്നീടൊരിക്കലും നടക്കില്ല എന്ന് ബി.ജെ.പി കണക്കുകൂട്ടി. അതുകൊണ്ടാണ് ഇന്ത്യൻ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഈ തീരുമാനം അവർ ഇപ്പോൾ നടപ്പാക്കിയത്. വിഷയത്തിന്റെ നിയമവശം ഇവിടെ ചർച്ച ചെയ്യുന്നില്ല. അത് കോടതിയാണ് തീരുമാനിക്കേണ്ടത്.
അത്യാവശ്യമായിരുന്നോ?
കശ്മീർ വിഭജനം നടപ്പാക്കിയ വിധം ഈ രീതിയിൽ ആയിരിക്കണമായിരുന്നോ എന്നത് ഒരു ചോദ്യമാണ്. എന്റെ അഭിപ്രായത്തിൽ ഇത്തരം കടുത്ത തീരുമാനങ്ങൾ ജനാധിപത്യരീതിയിൽ നടപ്പാക്കുക എളുപ്പമല്ല. പ്രത്യേകിച്ചും കാശ്മീർ പോലെ വളരെ വൈകാരികമായ ഒരു വിഷയം. മാത്രമല്ല, കാശ്മീർ സുരക്ഷാപ്രശ്നങ്ങൾ ഏറെയുള്ള മേഖലയുമാണ്. പ്രത്യേകിച്ചും പാകിസ്ഥാന്റെ ഇടപെടൽ കൂടുതലുള്ളതിനാൽ. അതുകൊണ്ടാണ് വെല്ലുവിളികൾ ഒഴിവാക്കാനായി ഗവൺമെന്റിന് ഇത്തരത്തിൽ ജനാധിപത്യപരമല്ലാത്ത രീതിയിൽ അത് നടപ്പാക്കേണ്ടി വന്നത്. അത് എത്രമാത്രം ശരിയാണ് എന്നതും ചോദ്യമാണ്. ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷവും ജനപിന്തുണയും ഉള്ളതിനാൽ ഈ തീരുമാനം അംഗീകരിക്കാതിരിക്കാൻ രാജ്യത്തിന് കഴിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിന്നാൽ ഇന്ത്യയ്ക്ക് ഇത് വലിയ നേട്ടമാകും. മാത്രമല്ല, പാക്കിസ്ഥാനെതിരെ രാജ്യത്തിന്റെ ഐക്യം പ്രകടിപ്പിക്കാനും നമുക്കാവും.
സുരക്ഷാ കുരുക്ക്
കാശ്മീർ താഴ്വരയിലുള്ള ജനസംഖ്യയിൽ ഭൂരിഭാഗവും ഇന്ത്യയ്ക്ക് എതിരാണ്. എന്നാൽ എതിർപ്പ് കൂടുതലുള്ളത് കാശ്മീരിന്റെ നഗരപ്രദേശങ്ങളിലുള്ളവരിൽ നിന്നാണ്. (ഉദാ : ശ്രീനഗർ, അനന്ത്നാഗ്, പുൽവാമ). അതിർത്തി രേഖയ്ക്കടുത്തുള്ള ഗ്രാമീണമേഖല ഇന്ത്യയോട് അത്ര എതിർപ്പുള്ളവരല്ല. 70 വർഷത്തിനിടെ ആർട്ടിക്കിൾ 370 കാശ്മീരിന് എന്ത് നേട്ടമാണ് നൽകിയത്. അത് വെറും വൈകാരികമായ ഒരു തലം മാത്രമാണ്. ആർട്ടിക്കിൾ 370 തടസമായി നിൽക്കുന്നതിനാൽ കാശ്മീരിനെ ഇന്ത്യയിൽ ലയിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ വികസനം കാശ്മീരിലേക്ക് പടർത്താനുമായില്ല.
ഏറ്റവും പ്രധാനപ്പെട്ട വിഷയം 70 വർഷമായി എല്ലാ വർഷവും കേന്ദ്ര ഗവൺമെന്റ് കാശ്മീരിന്റെ വികസനത്തിന് നൽകുന്ന സാമ്പത്തിക സഹായങ്ങളൊന്നും അർഹമായ പ്രദേശങ്ങൾക്കും ജനങ്ങൾക്കും ലഭിച്ചിട്ടില്ല എന്നതാണ്. ഇത് മുഴുവൻ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും വിഘടനവാദികളുടെയും കൈകളിലേക്കാണ് പോയത്. അങ്ങനെ അസംതൃപ്തരായ കാശ്മീരിലെ ജനങ്ങൾ അവരുടെ ഗവൺമെന്റിനും കേന്ദ്ര ഗവൺമെന്റിനും എതിരാണ്. ഈ അവസരമാണ് പാകിസ്ഥാന്റെ ഐ.എസ്.ഐ ചൂഷണം ചെയ്യുന്നത്. അതുകൊണ്ടാണ് കാശ്മീർ താഴ്വരയിൽ ഇന്നും തീവ്രവാദവും കലാപങ്ങളും നിലനിൽക്കുന്നത്. തൊഴിലില്ലായ്മ, അഴിമതി, വികസന മുരടിപ്പ്, ഇന്ത്യയോടുള്ള വൈരാഗ്യം എന്നിവ കാരണമാണ് ഇവിടെ തീവ്രവാദം ശക്തിയാർജ്ജിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചുരുങ്ങിയ കാലത്തേക്കെങ്കിലും കാശ്മീരിലെ സാഹചര്യങ്ങൾ വഷളാകാനാണ് സാദ്ധ്യത. തീവ്രവാദം ശക്തിപ്പെട്ടേക്കാം, ഇത് പാകിസ്ഥാൻ മുതലെടുത്തേക്കാം. നുഴഞ്ഞുകയറ്റത്തെയും തീവ്രവാദത്തെയും നേരിടാൻ കുറച്ച് കാലത്തേക്ക് ഇന്ത്യ ശക്തമായ ഇടപെടൽ നടത്തേണ്ടി വരും. എന്നാൽ മാത്രമേ സ്ഥിതി നിയന്ത്രണവിധേയമാകൂ. നിയന്ത്രണരേഖയിലും വളരെ ശക്തമായ നിരീക്ഷണം വേണ്ടിവരും. എന്നാൽ ഭാവിയിൽ കാശ്മീരിൽ മികച്ച ഭരണം ഉറപ്പാക്കാനായാൽ കാശ്മീരിനെ സമാധാനഭൂമിയാക്കി മാറ്റാം. സ്വകാര്യപങ്കാളിത്തം, മികച്ച വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, മികച്ച ആരോഗ്യരംഗം എന്നിവ ഉറപ്പാക്കാനായാൽ കാശ്മീരിന്റെ സാഹചര്യങ്ങൾ മാറും. വികസനം നടപ്പാകും. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, ജനസംഖ്യാപരമായ മാറ്റം (demographic change) വരുത്താൻ ശ്രമിക്കരുത്. ഇത് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തും. അത് ഒരു കാരണവശാലും നടന്നുകൂടാ. യുവജനങ്ങളെ മതപരമായ ചൂഷകശക്തികളിൽ നിന്ന് മാറ്റിനിറുത്താനുള്ള ശ്രമങ്ങളും വേണം. കാശ്മീർ കേന്ദ്രഭരണ പ്രദേശമാകുന്നതോടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും എളുപ്പമാണ്.
അനന്തരഫലം
കാശ്മീർ യു.എൻ. അംഗീകരിച്ച തർക്കമേഖലയാണ്. പക്ഷേ ഇപ്പോഴത്തെ വിഭജനത്തിന് ഈ തർക്കവുമായി ഒരു ബന്ധവുമില്ല. അതായത് , പാക് അധിനിവേശ കാശ്മീരിൽ നിന്ന് ഗിൽഗിത്ത് - ബാൾട്ടിസ്ഥാൻ മേഖലയെ അവർ നേരത്തെ വിഭജിച്ച് കഴിച്ചു. ഇതിൽ യു.എൻ ആശങ്ക പ്രകടിപ്പിച്ചിട്ടില്ല.അതുകൊണ്ട് നമ്മുടെ വിഭജനവും ആ രീതിയിൽ മുന്നോട്ടു പോകുമെന്ന് പ്രത്യാശിക്കുന്നു. അമേരിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങളെ കാശ്മീർ വിഭജനം സ്വാധീനിച്ചേക്കും. മാത്രമല്ല, അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പൂർണമായും പിൻവലിച്ചു കഴിഞ്ഞാൽ അവിടുത്തെ തീവ്രവാദികൾ കാശ്മീരിൽ വന്ന് തീവ്രവാദ പ്രവർത്തനങ്ങളും ജിഹാദും നടത്താനുള്ള സാദ്ധ്യത ഏറെയാണ്. കാശ്മീരിൽ അൽ ക്വയ്ദയുടെ ഇടപെടലിനും സാദ്ധ്യതയുണ്ട്. ഇതൊക്കെയാണ് നമ്മൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ. എന്നാൽ ഇതെല്ലാം രാഷ്ട്രീയപരമായും നയതന്ത്രപരമായും സുരക്ഷാപരമായും വിജയകരമായി കൈകാര്യം ചെയ്താൽ ഭാവിയിൽ നമുക്ക് ഈ വിഭജനം ഗുണം ചെയ്തേക്കാം.
(ലേഖകൻ കാശ്മീരിൽ പത്ത് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇ- മെയിൽ vsn25912@gmail.com)