തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ മൂന്ന് പേരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടതെന്ന് പി.എസ്.എസി ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി. മൂന്ന് പേരുടെയും ഒപ്പം പരീക്ഷ എഴുതിയ 22 പേരോളം ഉദ്യോഗാർത്ഥികളുടെയും ഇൻവിജിലേറ്റർമാരുടെയും പരീക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴി പി.എസ്.സി ആഭ്യന്തര വിജിലൻസ് വിഭാഗം രേഖപ്പെടുത്തിയിരുന്നു. പരീക്ഷയിൽ ക്രമക്കേടുകൾ നടന്നില്ലെന്നാണ് ഇവരെല്ലാം മൊഴി നൽകിയത്. തുടർന്നാണ് പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കാൻ പി.എസ്.സി തീരുമാനിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് പരീക്ഷ തുടങ്ങിയ ശേഷം പ്രതികളുടെ മൊബൈൽ നമ്പരിലേക്ക് തുടരെത്തുടരെ സന്ദേശങ്ങൾ എത്തിയെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയിൽ അയോഗ്യരാക്കാൻ തീരുമാനിച്ചു. കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ശുപാർശ ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേർത്തു
പി.എസ്.സി പരീക്ഷകളിൽ യാതൊരു വിധ ക്രമക്കേടുകളും അനുവദിക്കില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം അടക്കം അന്വേഷിക്കും. നേരത്തെയും ഫോൺ ഉപയോഗിച്ചുള്ള പരീക്ഷ എഴുതിയ സംഭവം പി.എസ്.സി കണ്ടെത്തുകയും ഈ ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കുകയും ചെയ്‌തിട്ടുണ്ട്. കുറ്റക്കാർ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും. ക്രമക്കേടുകളിൽ സത്യസന്ധമായ അന്വേഷണമാണ് നടന്നത്. പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടില്ല. പൊലീസ് കോൺസ്‌റ്റബിൾ പരീക്ഷയുടെ ആദ്യ റാങ്കുകളിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം നടത്തും. ആദ്യ നൂറ് റാങ്കുകളിൽ പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇവരുടെ കോൾ വിവരങ്ങൾ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പൂർത്തിയാകുന്നത് വരെ 22/07/2018ൽ നടന്ന പരീക്ഷയുടെ റാങ്ക് ലിസ്‌റ്റുകളിൽ നിന്ന് നിയമന നടപടികൾ നിറുത്തിവയ്‌ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
പി.എസ്.സി പരീക്ഷയ്ക്കായി നൽകിയ പ്രൊഫൈലിൽ നൽകിയ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്നുപേരുടെ ഫോണിലൂടെ 90 ഓളം മെസേജുകൾ പോയതായി കണ്ടെത്തിയത്. മൂന്നുപേരുടെ ഫോൺ വിവരങ്ങൾ കിട്ടുന്നതിന് മുമ്പ് മൂന്ന് കേന്ദ്രങ്ങളിൽ ഇൻവിജിലേറ്രർമാരായിരുന്നവരിൽ നിന്ന് പി.എസ് സി വിജിലൻസ് മൊഴിയെടുത്തിരുന്നു. ഇവർ പരീക്ഷാ ഹാളിൽ ഫോൺ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് മൂന്ന് സ്ഥലങ്ങളിൽ പരീക്ഷ എഴുതിയ ഇൻവിജിലേറ്രർമാരെ വിളിച്ചുവരുത്തി കൂടുതൽ ചോദ്യം ചെയ്യേണ്ടി വരും. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത് ആറ്രിങ്ങലിനടുത്ത ആലങ്കോട് വഞ്ചിയൂർ ഗവ.യുപി.സ്കൂളിലും പ്രണവ് മാമത്തെ ഗ്ലോബൽ പബ്ലിക് സ്കൂളിലും നസീം തൈയ്ക്കാട് ഗവ. ട്രെയിനിംഗ് കോളജിലുമാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർന്നോ എന്നതാവും ഏറ്റവും കാര്യക്ഷമമായി അന്വേഷിക്കേണ്ടിവരിക.