amit-shah

ന്യൂഡൽഹി : ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പിൻവലിക്കണമെന്ന ആവശ്യത്തിന് ബി.ജെ.പിയുടെ ആദ്യമുഖമായ ജനസംഘത്തോളം പ്രായമുണ്ട്. ജനസംഘത്തിന്റെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ കാലം മുതൽക്കേ ഈ ആവശ്യം പാർട്ടിയുടെ മുഖ്യനയമായിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിന് മുൻപേ അഖണ്ഡഭാരതത്തിലൂന്നിയുള്ള ബി.ജെ.പിയുടെ പ്രവർത്തനത്തിന്റെ ആണിക്കല്ലായിരുന്നു ഭരണഘടനയിലെ ആർട്ടിക്കിൾ 370 പിൻവലിക്കുക എന്നത്. ഒരിക്കലും നടപ്പിലാക്കാനാവാത്ത ഈ പദ്ധതിയെ സ്വപ്നമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി നേതാക്കളെ കളിയാക്കാൻ കിട്ടിയ അവസരങ്ങളെല്ലാം രാഷ്ട്രീയ പ്രതിയോഗികൾ ഉപയോഗിക്കുകയും ചെയ്തിരുന്നു.

രാജ്യസഭയിൽ ജമ്മുകാശ്മീരിനെ രണ്ടാക്കി ഇന്ത്യയ്‌ക്കൊപ്പം നിർത്തിയ ഭരണഘടന ഭേദഗതി അവതരിപ്പിച്ച് പാസാക്കിയെടുത്തപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി കൊണ്ടിരിക്കുന്നത് ബി.ജെ.പിയുടെ പ്രഥമ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയ് നൽകിയ മറുപടിയാണ്. 1996 മേയ് 16 സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വാജ്‌പേയ് സർക്കാരിന് കേവലം ഒരു മാസത്തിന് താഴെ മാത്രമേ ആയുസുണ്ടായിരുന്നുള്ളു. ലോക്സഭയിൽ സംസാരിക്കവേ രാമക്ഷേത്രത്തിനെ കുറിച്ചും ആർട്ടിക്കിൾ 370നെ കുറിച്ചും സംസാരിക്കവേ ഇതൊക്കെ ഒരിക്കൽ നടപ്പിലാക്കുമെന്നും ഇപ്പോൾ അതല്ല സർക്കാരിന്റെ മുന്നിലുള്ള പദ്ധതികളെന്നു വാജ്‌പേയ് സംസാരിക്കുമ്പോൾ എപ്പോൾ നടപ്പിലാക്കാനാവും എന്ന് പരിഹാസപൂർവ്വം എതിർ നിരയിൽ നിന്നും ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ ഈ പരിഹാസത്തെ പതിവില്ലാത്ത വിധം വികാരത്തോടെ ഭൂരിപക്ഷം ലഭിക്കുന്ന കാലത്ത് എന്ന് മറുപടി നൽകുകയാണ്. നീണ്ട ഇരുപത്തിമൂന്ന് വർഷത്തിന് ശേഷം തികഞ്ഞ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സ്വപ്നപദ്ധതികൾ പാസാക്കിയെടുക്കുന്ന തിരക്കിലാണിപ്പോൾ.