ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന് ഉടനെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേടിയ വിജയത്തേക്കാൾ വലിയ വിജയം ബി.ജെ.പി നേടുമെന്ന് ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം കൊണ്ട് ജമ്മു കാശ്മീരിൽ ഒന്നും ചെയ്യാനാകില്ലെന്നും ഈ തീരുമാനം തികച്ചും രാഷ്ട്രീയ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിയാണ് കേന്ദ്രം ഇതൊക്കെ ചെയ്തത്. ഉടൻ തന്നെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ 1984ൽ നടന്ന തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി നേടിയ വിജയത്തേക്കാൾ വലിയ വിജയം ബി.ജെ.പിക്കുണ്ടാവും. രാജീവ് ഗാന്ധിയുടെ റെക്കാഡ് അവർ തകർക്കും- യശ്വന്ത് സിൻഹ പറഞ്ഞു.
1984ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് 400ലേറെ സീറ്റുകളിൽ വിജയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി. ഇതിലും കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് സിൻഹയുടെ അഭിപ്രായം. എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.