sriram-venkitaraman

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഉച്ചയ്‌ക്ക് ശേഷം കോടതി പരിഗണിക്കും. കേസിൽ നിരവധി തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ശ്രീറാം മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ശ്രീറാം വെങ്കിട്ടരാൻ മദ്യപിച്ചുവെന്ന് തെളിയിക്കാൻ എന്ത് രേഖകളാണ് പ്രോസിക്യൂഷന്റെ കൈയിലുള്ളതെന്നും അദ്ദേഹം മദ്യപിച്ചുവെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ചോദിച്ചു. ഇതിന് സാക്ഷിമൊഴികളുണ്ടെന്നാണ് പ്രോസിക്യൂഷൻ മറുപടി നൽകിയത്. എന്നാൽ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം മദ്യപിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ലെന്നും വൈദ്യപരിശോധനാ റിപ്പോർട്ടും കേസ് ഡയറിയും ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.