ന്യൂഡൽഹി: കാശ്‌മീരിനെ രണ്ടായി വിഭജിക്കാനും സംസ്ഥാനത്തിന് നൽകിയിരുന്ന പ്രത്യേക അധികാരം നീക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ച് ഒരുദിവസം പിന്നിട്ടപ്പോൾ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കാശ്‌മീർ പ്രശ്‌നത്തിൽ കോൺഗ്രസ് പാർട്ടിയിൽ രൂക്ഷമായ തർക്കം നിലനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാഹുലിന്റെ വൈകിയ വേളയിലെ പ്രതികരണം. ജമ്മു കാശ്‌മീരിനെ ഏകപക്ഷീയമായി കീറിമുറിച്ചത് കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തടവിലാക്കിക്കൊണ്ടും രാജ്യത്ത് ഐക്യമുണ്ടാകില്ല. ഇന്ത്യ നിർമിച്ചിരിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്, ഭൂമിയല്ല. സർക്കാരിന്റെ അധികാര ദുർവിനിയോഗം ദേശസുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും രാഹുൽ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
അതേസമയം, തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം തന്നെ ചില കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നെങ്കിലും പാർട്ടിക്കുള്ളിലും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കിടയിലും ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം നടത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് രാജിവയ്‌ക്കുന്ന സംഭവം പോലുമുണ്ടായി. ചില കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന നിലപാടും സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്ന ബി.എസ്.പി പോലുള്ള പാർട്ടികളും അരവിന്ദ് കേജ്‌രിവാളുമൊക്കെ കേന്ദ്രതീരുമാനത്തെ പിന്തുണച്ചതും കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിഷയത്തിലെ മൗനം ചർച്ചയായത്.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആറ് ദശാബ്ദത്തിലേറെയായി നിലനിന്ന കേന്ദ്ര നയം വേണ്ടെന്ന് വച്ചുകൊണ്ടാണ് മോദി സർക്കാർ ഇന്നലെ വിവാദ തീരുമാനം നടപ്പിലാക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിക്കുകയും പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ചെയ്തു. സംസ്ഥാനത്തെ ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായും വിഭജിച്ചു. ഇനി ഡൽഹി പോലെ നിയമസഭയും മുഖ്യമന്ത്രിയുമുള്ള കേന്ദ്രഭരണപ്രദേശമായി ജമ്മുകാശ്മീർ മാറും. ചണ്ഡിഗഡ് പോലെ നിയമസഭയില്ലാത്ത, ലെഫ്റ്റനന്റ് ഗവർണർക്ക് കീഴിലുള്ള കേന്ദ്രഭരണപ്രദേശമായി ലഡാക്ക് നിലവിൽവരും. അധിക സേനാവിന്യാസത്തിലൂടെയും നേതാക്കളെ വീട്ടുതടങ്കലിലാക്കിയും കാശ്മീരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ സൃഷ്ടിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ചേർന്ന അടിയന്തരമന്ത്രിസഭായോഗം നിർണായക തീരുമാനത്തിന് അംഗീകാരം നൽകിയത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രമേയത്തിലൂടെ രാവിലെ 11 മണിയോടെ രാജ്യസഭയെ അറിയിച്ചത്.