വർഷങ്ങളായി ഇന്ത്യൻ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന അംബാസിഡർ കാറുകൾ മാറ്റാൻ തീരുമാനം. നിലവിൽ വിവിധ സർക്കാർ വകുപ്പുകളുടെ കീഴിലുള്ള അംബാസിഡർ കാറുകൾക്ക് പകരം മാരുതി സിയാസ്, ഡിസയർ കാറുകളാണ് വാങ്ങിക്കുന്നത്. എന്നാൽ ഇവയ്‌ക്ക് പകരം മഹീന്ദ്രയുടെ ഇലക്ട്രിക് കാറായ ഇ വേരിറ്റോ വാങ്ങാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം. ഈ പദ്ധതി അനുസരിച്ചുള്ള ആദ്യ പത്ത് കാറുകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം ഔദ്യോഗികമായി ഏറ്റുവാങ്ങി. ഇലക്ട്രിക് കാറുകൾ പ്രൊമോട്ട് ചെയ്യാനുള്ള ഇനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) ആണ് വാഹനം വിതരണം ചെയ്യുന്നത്.
കേന്ദ്രസർക്കാർ ബഡ്‌ജിറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി 12ൽ നിന്നും അഞ്ച് ശതമാനമായി കുറച്ചതോടെ വേരിറ്റോയുടെ വിലയിൽ ഏതാണ്ട് 80,000 രൂപയോളം കുറവുണ്ടായതായാണ് വിവരം.ഈ വർഷം വിവിധ സർക്കാർ വകുപ്പുകൾക്ക് വേണ്ടി ഏതാണ്ട് 10,000 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാണ് കേന്ദ്രസർക്കാർ പദ്ധതി. മഹീന്ദ്ര ഇ വേരിറ്റോയ്‌ക്ക് പുറമെ ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് വേർഷനും ഇ.ഇ.എസ്.എൽ സർക്കാർ വകുപ്പുകൾക്ക് വേണ്ടി വിതരണം ചെയ്യുന്നുണ്ട്. റെനോയുടെ ലോഗൻ എന്ന മോഡലാണ് മഹീന്ദ്ര റീ ബ്രാൻഡ് ചെയ്‌ത് വേരിറ്റോ എന്ന പേരിൽ വിൽക്കുന്നത്.
ഒരിക്കൽ ചാർജ് ചെയ്‌താൽ 140 കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന രീതിയിലുള്ള സംവിധാനമാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. 42 ബി.എച്.പി കരുത്തും 91 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകാൻ കഴിയുന്ന മോട്ടോറാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 15.95 ലക്ഷം മുതലാണ് ഡൽഹിയിലെ എക്‌സ് ഷോറൂമിൽ വാഹനത്തിന്റെ വില.