പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതുൾപ്പെടെ ധാരാളം ആളുകളുടെബയോപിക് ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ 'സൂപ്പർ സ്‌പൈ' എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും സിനിമയാകുന്നു. അക്ഷയ് കുമാറാണ് ഡോവലായി എത്തുക എന്നാണ് സൂചന.
നീരജ് പാണ്ഡെയാണ് ഡോവലിന്റെ ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയുള്ളു. അതേസമയം ഈ ചിത്രത്തിന് മുമ്പ് അക്ഷയ് കുമാറിനൊപ്പം ചേർന്ന് പാണ്ഡെ മറ്റൊരു ചിത്രം ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവൽ 1945ൽ ഉത്തരാഖണ്ഡിലാണ് ജനിച്ചത്. 1968 ബാച്ച് കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. 1999ൽ നടന്ന കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിലാണ് നടന്നത്.