imran-khan

ഇസ്ലാമാബാദ് : ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിച്ച് രണ്ടായി വിഭജിച്ച ഇന്ത്യയുടെ നടപടിയിൽ പാക് പാർലമെന്റിൽ ബഹളം. ഇന്ത്യയുടെ നടപടിയെ നിശിതമായി വിമർശിച്ച പാക് പ്രധാനമന്ത്രി ഇന്ന് രാവിലെ പാർലമെന്റിലെ ഇരു സഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു ചേർത്തിരുന്നു. ഈ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇമ്രാൻഖാൻ സംസാരിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിപ്പുണ്ടായിരുന്നു. ഇതിൻ പ്രകാരം ഇസ്ലാമാബാദിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നുവെങ്കിലും പങ്കെടുക്കാതെ ഇമ്രാൻ ഖാൻ വിട്ടുനിൽക്കുകയാണ്. ഇതേ തുടർന്ന് പ്രതിപക്ഷം ശക്തമായി ബഹളം വയ്ക്കുകയും ഇമ്രാൻ ഖാനെ നിശിതമായി വിമർശിക്കുകയുമായിരുന്നു. ബഹളം നിയന്ത്രിക്കാനാവാതെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും മടങ്ങുകയും ചെയ്തു.

അതേ സമയം ഇന്ത്യയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ യുഎന്നിനെ സമീപിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നടപടിയെ വിമർശിക്കുന്ന തരത്തിൽ ഇതുവരെയും പ്രസ്താവനയൊന്നും വന്നിട്ടില്ലെന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നുണ്ട്. മേഖലയിലെ അവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കു എന്നുമാത്രമാണ് അമേരിക്കയുടേതായിട്ടു പുറത്തുവരുന്ന പ്രതികരണം. അതേ സമയം അതിർത്തിയിലെ സൈനിക വിന്യാസങ്ങളിൽ യുഎൻ ഉത്കണ്ഠ അറിയിക്കുകയും ചെയ്തിട്ടുണ്ട്.