ഇസ്‌ലാമാബാദ്: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി നേരത്തെ അറിഞ്ഞെന്ന് പാകിസ്ഥാൻ. ഇതുസംബന്ധിച്ച് ആഗസ്റ്റ് ഒന്നിന് യു.എന്നിന് അയച്ച കത്ത് പാകിസ്ഥാൻ പുറത്തുവിട്ടു. പാക് വിദേശകാര്യ മന്ത്രിയാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് കത്തയച്ചത്. കാശ്മീരിന്റെ പ്രത്യേക പദവി നീക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും ഇതുസംബന്ധിച്ച നടപടികളെ കുറിച്ച് സൂചന ലഭിച്ചിരുന്നെന്നുമാണ് പാക് അവകാശവാദം.
അതേസമയം, പാക് അധീന കാശ്മീരിനായി മരിക്കാനും തയ്യാറാണെന്ന് ലോകസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കാശ്മീർ വിഷയത്തിലെ ചർച്ചയ്ക്കിടെ ലോക്‌സഭയിൽ ഉയർന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. 'ഇത് ഒരു രാഷ്ട്രീയ നീക്കമല്ല. രാജ്യത്തിനായി നിയമങ്ങൾ നിർമിക്കാനുള്ള എല്ലാ അധികാരവും പാർലമെന്റിനുണ്ട്. ഇന്ത്യൻ ഭരണഘടനയും ജമ്മുകാശ്മീർ ഭരണഘടനയും അതിനുള്ള അനുമതി നൽകുന്നുണ്ട്'.-അദ്ദേഹം പറഞ്ഞു.
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആറ് ദശാബ്ദത്തിലേറെയായി നിലനിന്ന കേന്ദ്ര നയം വേണ്ടെന്ന് വച്ചുകൊണ്ടാണ് മോദി സർക്കാർ ഇന്നലെ വിവാദ തീരുമാനം നടപ്പിലാക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിക്കുകയും പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയിലെ 35എ വകുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ചെയ്തു. സംസ്ഥാനത്തെ ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായും വിഭജിച്ചു. ഇനി ഡൽഹി പോലെ നിയമസഭയും മുഖ്യമന്ത്രിയുമുള്ള കേന്ദ്രഭരണപ്രദേശമായി ജമ്മുകാശ്മീർ മാറും.